പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ ശക്തമായ പ്രസ്താവനയുമായി രംഗത്ത്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്ന് ഗംഭീർ പറഞ്ഞു. എബിപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇതിനോടുള്ള എൻ്റെ വ്യക്തിപരമായ ഉത്തരം തീർച്ചയായും ‘വേണ്ട’ എന്നാണ്. ഇതെല്ലാം (അതിർത്തി കടന്നുള്ള ഭീകരവാദം) അവസാനിക്കുന്നത് വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യാതൊന്നും ഉണ്ടാകരുത്.”
ഇന്ത്യക്കാരുടെ ജീവനേക്കാൾ പ്രധാനമായി ഒരു മത്സരമോ വിനോദമോ ഇല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“മത്സരങ്ങൾ നടന്നുകൊണ്ടേയിരിക്കും, സിനിമകൾ നിർമ്മിക്കപ്പെടും, ഗായകർ പാടിക്കൊണ്ടേയിരിക്കും – പക്ഷേ നിങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന് തുല്യമായി മറ്റൊന്നുമില്ല.”
ഗംഭീർ തൻ്റെ വ്യക്തിപരമായ നിലപാട് പറഞ്ഞു.
“ഇത് എൻ്റെ തീരുമാനമല്ല… ബിസിസിഐയും ഗവണ്മെന്റും എന്ത് തീരുമാനമെടുത്താലും, അത് നമ്മൾ പൂർണ്ണമായും അംഗീകരിക്കുകയും അതിനെ രാഷ്ട്രീയവത്കരിക്കാതിരിക്കുകയും വേണം.” അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗംഭീറിൻ്റെ ഈ പ്രസ്താവന.