ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എഫ് സി ഗോവ 2-1ന് ജയിച്ചു എങ്കിലും 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. നേരത്തെ ബെംഗളൂരുവിൽ നടന്ന ആദ്യ പദത്തിൽ 2-0ന്റെ വിജയം ബെംഗളൂരു എഫ് സി സ്വന്തമാക്കിയിരുന്നു. ഇന്ന് ഇഞ്ച്വറി ടൈമിലെ ഛേത്രിയുടെ ഗോളാണ് ബെംഗളൂരുവിനെ രക്ഷിച്ചത്.

ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ എഫ് സി ഗോവ വിജയത്തിനായി ആഞ്ഞു ശ്രമിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോർഹ ഹെരേരയുടെ ഗോളിൽ ഗോവ ലീഡ് എടുത്തു. അവർ നിർണായകമായ രണ്ടാം ഗോളിനായി ആഞ്ഞു ശ്രമിച്ചു. 88ആം മിനുറ്റിൽ അർമാണ്ടോയുടെ ഹെഡർ ഗോവയുടെ ലീഡ് ഇരട്ടിയാക്കി. അഗ്രിഗേറ്റ് സ്കോർ 2-2 എന്നും ആയി.
പക്ഷെ ബെംഗളൂരുവിന്റെ രക്ഷകനായി സുനിൽ ഛേത്രി എത്തി. 93ആം മിനുറ്റിൽ ഒരു ഡൈവിംഗ് ഹെഡറിലൂടെ ഛേത്രി ബെംഗളൂരുവിനെ ഫൈനലിലേക്ക് അയച്ച ഗോൾ നേടി. സ്കോർ 2-1. അഗ്രിഗേറ്റ് സ്കോറിൽ 3-2ന് ബെംഗളൂരു വിജയം.
ഇനി മോഹൻ ബഗാനും ജംഷഡ്പൂരും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബംഗളൂരു എഫ് സി ഫൈനലിൽ നേരിടുക. ആ സെമിയിൽ ജംഷഡ്പൂർ ആണ് ആദ്യ പാദത്തിൽ വിജയിച്ചത്. നാളെ ഇരുവരും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ കൊൽക്കത്തയിൽ വച്ച് നടക്കും.