കേരളത്തിനെതിരെ രഞ്ജി ട്രോഫി സെമി ഫൈനലില്‍ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് നേടി. ആര്യ ദേശായി 38 റൺസും പ്രിയാംഗ് പഞ്ചൽ 23 റൺസും നേടിയാണ് ഗുജറാത്തിനായി ക്രീസിൽ നിൽക്കുന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 457 റൺസാണ് നേടിയത്. 177 റൺസുമായി പുറത്താകാതെ നിന്ന മൊഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് കേരളത്തിന്റെ സ്കോര്‍ പടുത്തുയര്‍ത്തുവാന്‍ സഹായിച്ചത്. സച്ചിന്‍ ബേബിയും(69) സൽമാന്‍ നിസാറും (52) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മൽ (30), അക്ഷയ് ചന്ദ്രന്‍ (30), ജലജ് സക്സേന (30) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.