ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ സൗതാപ്റ്റണിനെ 3-2 നു തകർത്തു മൂന്നാം സ്ഥാനം നിലനിർത്തി നോട്ടിങ്ഹാം ഫോറസ്റ്റ് കുതിപ്പ്. മികച്ച തുടക്കം ലഭിച്ച ഫോറസ്റ്റ് 11 മത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്സന്റെയും 28 മത്തെ മിനിറ്റിൽ ഹഡ്സൺ ഒഡോയിയുടെയും ഉഗ്രൻ ഗോളുകളിലൂടെ മത്സരത്തിൽ മുന്നിൽ എത്തി. 41 മത്തെ മിനിറ്റിൽ അയ്നയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ക്രിസ് വുഡ് ഫോറസ്റ്റിന് മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ബെഡ്നറകിലൂടെ സൗതാപ്റ്റൺ ഒരു ഗോൾ മടക്കി. 5 മിനിറ്റിനുള്ളിൽ മിലൻകോവിച് ഗോൾ നേടിയെങ്കിലും ഇത് വാർ ഓഫ് സൈഡ് വിളിച്ചു. അവസാന നിമിഷങ്ങളിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ പോൾ ഔനാചു ഗോൾ നേടിയതോടെ ഫോറസ്റ്റ് അപകടം മണത്തു. തുടർന്ന് സൗതാപ്റ്റൺ സമനിലക്ക് ആയി പരമാവധി പരിശ്രമിച്ചു എങ്കിലും ഫോറസ്റ്റ് ജയം കൈവിട്ടില്ല.