സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് ജിദ്ദയിൽ നടന്ന ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്തു കൊണ്ടാണ് ബാഴ്സലോണ കിരീടത്തിൽ മുത്തം വെച്ചത്. എൽ ക്ലാസികോ പോരിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ബാഴ്സലോണ ജയം.
ഇന്ന് കളിയുടെ തുടക്കത്തിൽ തന്നെ ബാഴ്സലോണ രണ്ട് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ രണ്ട് അവസരങ്ങളും കോർതോ സേവ് ചെയ്തത് കൊണ്ട് മത്സരം ഗോൾ രഹിതമായി നിന്നു. നാലാം മിനുറ്റിൽ എംബപ്പെ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് വല കണ്ടെത്തി റയലിന് ലീഡ് നൽകി. സ്കോർ 1-0
കാര്യങ്ങൾ മാറിമറയാൻ അധിക സമയം എടുത്തില്ല. 22ആം മിനുറ്റിൽ ലെവൻഡോസ്കിയുടെ പാസ് സ്വീകരിച്ച് ലമിനെ യമാൽ ബാഴ്സക്ക് സമനില ഗോൾ നൽകി.
36ആം മിനുറ്റിൽ കാമവിങ ഗവിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലെവൻഡോസ്കി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. 39ആം മിനുട്ടിൽ റാഫിഞ്ഞയുടെ തകർപ്പൻ ഹെഡർ ലീഡ് വർധിപ്പിച്ചു. സ്കോർ 3-1. ആദ്യ പകുതി അവസാനിക്കും മുമ്പ് ബാൾദെ കൂടെ വല കണ്ടെത്തിയതോടെ സ്കോർ 4-1 എന്നായി.
രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന് കരുതിയ റയലിന് കാര്യങ്ങൾ കൂടുതൽ പ്രയാസമാക്കി കൊണ്ട് ബാഴ്സലോണയുടെ അഞ്ചാം ഗോൾ വന്നു. 48ആം മിനുറ്റിൽ ആയിരുന്നു റഫീഞ്ഞയുടെ രണ്ടാമത്തെ ഗോൾ. സ്കോർ 5-1.
കളിയുടെ ടിസ്റ്റുകൾ അവിടെ അവസാനിച്ചില്ല. 57ആം മിനുറ്റിൽ എംബപ്പെയെ ഫൗൾ ചെയ്തതിന് ബാഴ്സ കീപ്പർ ചെസ്നി ചുവപ്പ് കണ്ട് പുറത്തു പോയി. ഈ ഫൗളിന് കിട്ടിയ ഫ്രീകിക്ക് റോഡ്രിഗോ വലയിൽ എത്തിച്ചു. സ്കോർ 2-5.
പക്ഷെ ഇതിനു ശേഷം കരുതലോടെ കളിച്ച ബാഴ്സലോണ റയലിന് തിരിച്ചുവരാൻ ഒരവസരം നൽകാതെ വിജയവും കിരീടവും ഉറപ്പിച്ചു.