ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ അവിശ്വസനീയ ഫോം തുടർന്നു മുഹമ്മദ് സലാഹ്. ടോട്ടനത്തിനു എതിരായ ലിവർപൂളിന്റെ 6-3 എന്ന വിജയത്തിൽ 2 ഗോളുകളും 2 അസിസ്റ്റുകളും നേടിയ സലാഹ് പ്രീമിയർ ലീഗിൽ ഗോളിലും അസിസ്റ്റിലും രണ്ടക്ക സംഖ്യ കടന്നു. നിലവിൽ ലീഗിൽ 15 ഗോളുകളും ആയി ടോപ് സ്കോറർ ആണ് സലാഹ്. 11 അസിസ്റ്റുകൾ നേടിയ സലാഹ് തന്നെയാണ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും.
ക്രിസ്മസിന് മുമ്പ് ഗോളിലും അസിസ്റ്റിലും പ്രീമിയർ ലീഗിൽ രണ്ടക്കം കടക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറി ഇതോടെ സലാഹ്. ഗോളുകളിലും അസിസ്റ്റിലും നാലു സീസണുകളിൽ രണ്ടക്കം കടക്കുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ താരവും ആണ് സലാഹ്. ഇന്ന് നേടിയ ഗോളുകളിലൂടെ ലിവർപൂൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന നാലാമത്തെ താരമായും ഈജിപ്ഷ്യൻ സൂപ്പർ താരം മാറി. സീസണിൽ ഇത് വരെ 18 ഗോളുകളും 15 അസിസ്റ്റുകളും നേടിയ സലാഹ് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള പടയോട്ടത്തിൽ ആണ്. ഈ മികവ് തുടരുക ആണെങ്കിൽ ജോർജ് വിയക്ക് ശേഷം ബാലൻ ഡിയോർ നേടുന്ന ആദ്യ ആഫ്രിക്കൻ താരം എന്ന നേട്ടം സലാഹ് സീസൺ അവസാനം സ്വന്തമാക്കും എന്നുറപ്പാണ്.