ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെ അവരുടെ മൈതാനത്ത് 9 ഗോൾ പിറന്ന മത്സരത്തിൽ 6-3 നു പരാജയപ്പെടുത്തി ലിവർപൂൾ. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ഒന്നു കൂടി ലിവർപൂൾ ഉറപ്പിച്ചപ്പോൾ ടോട്ടനം 11 സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ അലക്സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ലൂയിസ് ഡിയാസ് ആണ് ലിവർപൂളിന്റെ ഗോൾ വേട്ട ആരംഭിച്ചത്. 36 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ അലക്സിസ് മക്അലിസ്റ്റർ ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചു.
41 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസനിലൂടെ ടോട്ടനം ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ ആദ്യ പകുതി തീരുന്നതിനു മുമ്പ് മൊ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ സബോസലെയ് ലിവർപൂളിന് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ വീണ്ടും അഞ്ചു ഗോളുകൾ പിറക്കുന്നത് ആണ് കാണാൻ ആയത്. 54 മത്തെ മിനിറ്റിൽ ടോട്ടനം പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനു ശേഷം ഗോൾ നേടിയ സലാഹ് ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗോൾ വേട്ടക്കാരൻ ആയി.
61 മത്തെ മിനിറ്റിൽ സബോസലെയ് നൽകിയ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ സലാഹ് ലിവർപൂളിന് അഞ്ചാം ഗോളും സമ്മാനിച്ചു. 11 മിനിറ്റിനുള്ളിൽ സൊളാങ്കയുടെ പാസിൽ നിന്നു ഗോൾ നേടിയ കുലുസെവ്സ്കി ടോട്ടനത്തിനു ആയി ഒരു ഗോൾ കൂടി മടക്കി. 83 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസന്റെ പാസിൽ നിന്നു ഗോൾ നേടിയ സൊളാങ്കെ മത്സരം 5-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് ടോട്ടണത്തിന്റെ വമ്പൻ പരാജയം ഉറപ്പിക്കുക ആയിരുന്നു.