ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റൽ പാലസിനെ 3 ദിവസം മുമ്പ് തോൽപ്പിച്ചതിനു പിന്നാലെ അവരെ അവരുടെ മൈതാനത്ത് പ്രീമിയർ ലീഗിൽ 5-1 നു തകർത്തു ആഴ്‌സണൽ. ലീഗ് കപ്പിൽ ഹാട്രിക് നേടിയ ഗബ്രിയേൽ ജീസുസ് ഇത്തവണ ഇരട്ടഗോളുകൾ ആണ് ടീമിന് ആയി നേടിയത്. ആറാം മിനിറ്റിൽ സാകയുടെ ക്രോസിൽ നിന്നു ഗബ്രിയേലിന്റെ കാലിൽ തട്ടി എത്തിയ പന്ത് വലയിൽ എത്തിച്ചു ആണ് ജീസുസ് ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ 11 മത്തെ മിനിറ്റിൽ മിച്ചലിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ സാർ പാലസിനെ ഒപ്പം എത്തിച്ചു. 14 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു പാർട്ടിയുടെ പാസിൽ നിന്നു ഗോൾ നേടിയ ജീസുസ് ആഴ്‌സണലിന് മരണ്ടാം ഗോൾ സമ്മാനിച്ചു.
24 മത്തെ മിനിറ്റിൽ സാക പരിക്കേറ്റു പുറത്ത് പോയത് ആഴ്‌സണലിന് വലിയ തിരിച്ചടിയായി. 38 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ക്രോസിൽ നിന്നു ജീസുസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീ ബോണ്ട് ഗോൾ ആക്കിയ കായ് ഹാവർട്‌സ് മത്സരം 3-1 ആക്കി മാറ്റി. ഇടക്ക് പാലസിന് ലഭിച്ച മികച്ച അവസരങ്ങൾ ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയ മികച്ച രീതിയിൽ തടഞ്ഞു. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ജീസുസിന്റെ ഷോട്ട് ഹെന്റേഴ്സൻ തടഞ്ഞെങ്കിലും തുടർന്ന് പകരക്കാരനായി എത്തിയ ഡക്ലൻ റൈസിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ പകരക്കാരൻ കാലഫിയോരി നൽകിയ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ റൈസ് ആഴ്‌സണലിന്റെ വലിയ ജയം ഉറപ്പിച്ചു. നിലവിൽ ലീഗിൽ ആഴ്‌സണൽ മൂന്നാമതും പാലസ് 15 സ്ഥാനത്തും ആണ്.