സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. ഇന്ന് ഹൈദരബാദിൽ നടന്ന മത്സരത്തിൽ ഗോവയെ നേരിട്ട കേരളം മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്.
ഗോവയാണ് ഇന്ന് നന്നായി കളി ആരംഭിച്ചത്. അവർ ആദ്യ മിനുട്ടുകളിൽ തന്നെ ലീഡും എടുത്തു. എന്നാൽ 15ആം മിനുട്ടിൽ തന്നെ തിരിച്ചടിക്കാൻ കേരളത്തിനായി. അജ്സാലിന്റെ ഇടതു വിങ്ങിലൂടെയുള്ള നീക്കം ആണ് ഗോവൻ പ്രതിരോധത്തെ തകർത്തത്. അജ്സൽ നൽകിയ പാസ് മുഹമ്മസ് റിയാസ് ലക്ഷ്യത്തിൽ എത്തിച്ചു.
പിന്നാലെ അജ്സൽ ഒരു ത്രൂ ബോൾ സ്വീകരിച്ച് മുന്നേറി കേരളത്തിന് ലീഡ് നൽകി. മൂന്നാം ഗോളിലും അജ്സലിന് പങ്കുണ്ടായിരുന്നു. അജ്സലിന്റെ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ നസീബാണ് മൂന്നാം ഗോൾ നേടിയത്.
ആദ്യ പകുതി കേരളം 3-1 എന്ന സ്കോറിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ക്രിസ്റ്റി ഡേവിസിലൂടെ കേരളം ഒരു ഗോൾ കൂടെ നേടിയതോടെ വിജയം ഉറപ്പിച്ചെന്ന് കരുതി. എന്നാൽ അവസാനം പൊരുതിയ ഗോവ രണ്ട് ഗോൾ കൂടെ മടക്കി സ്കോർ 4-3 എന്നാക്കി. കളി അവസാന നിമിഷങ്ങളിൽ ആവേശം ഉയർത്തി എങ്കിലും ഗോവക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.