ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്തു പേരുമായി പൊരുതിയ ലിവർപൂളിന് സമനില. അവർ ഇന്ന് ആൻഫീൽഡിൽ വെച്ച് ഫുൾഹാമിനോട് 2-2 എന്ന സമനില ആണ് ലിവർപൂൾ വഴങ്ങിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാർ 75 മിനുട്ടോളം 10 പേരുമായി കളിച്ചാണ് സമനില പിടിച്ചത്. ആദ്യ പകുതിയിൽ ലിവർപൂൾ താരം റൊബേർട്സൺ ചുവപ്പ് കാർഡ് കണ്ടതാണ് ലിവർപൂളിന് വിനയായത്.
മത്സരം ആരംഭിച്ച് പതിനൊന്നാം മിനുട്ടിൽ തന്നെ ഫുൾഹാം ലിവർപൂളിനെ ഞെട്ടിച്ച് ലീഡ് എടുത്തു. ആൻഡ്രെസ് പെരേരയുടെ ഒരു ഡൈവിംഗ് ഫിനിഷ് ആണ് ഫുൾഹാമിന് ലീഡ് നൽകിയത്. ഈ ഗോൾ വന്ന് ആറ് മിനുട്ടുകൾക്ക് അകം റൊബേർട്സൺ ചുവപ്പ് കണ്ട് പുറത്തായി. ഇത് ലിവർപൂളിനെ പ്രതിരോധത്തിലാക്കി.
എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിവർപൂൾ തിരിച്ചടിച്ചു. 47ആം മിനുട്ടിൽ സലാ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഗാക്പോ വലയിൽ എത്തിച്ചു. സ്കോർ 1-1. പിന്നെ വിജയ ഗോളിനായുള്ള ശ്രമങ്ങൾ ആയിരുന്നു. അവസാനം 76ആം മിനുട്ടിൽ ഇടതു വിങ്ങിലൂടെ വന്ന അറ്റാക്കിലൂടെ ലിവർപൂൾ ഡിഫൻശ് ഭേദിച്ച് ഫുൾഹാം ലീഡ് എടുത്തു. റോബിൻസന്റെ പാസ് മുനിസ് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. സ്കോർ 2-1
പക്ഷെ ലിവർപൂൾ പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. 86ആം മിനുട്ടിൽ ഡിയേഗോ ജോട്ട ലിവർപൂളിന് സമനില നൽകി. നൂനിയസിന്റെ പാസ് സ്വീകരിച്ച് ആയിരുന്നു ജോട്ടയുടെ ഫിനിഷ്. 2-2
ഈ സമനിലയോടെ ലിവർപൂൾ ലീഗിൽ 36 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഫുൾഹാം 24 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.