സാൻ മാമെസിൽ അത്‌ലറ്റിക് ക്ലബിനോട് 2-1ന് തോറ്റ റയൽ മാഡ്രിഡിൻ്റെ ലാ ലിഗയിൽ ബാഴ്സലോണക്ക് മേൽ ലീഡ് നേടാനുള്ള പ്രതീക്ഷകൾ തകർന്നു. തോൽവിയോടെ 15 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി ലോസ് ബ്ലാങ്കോസ് രണ്ടാം സ്ഥാനത്താണ്. അധിക മത്സരം കളിച്ച ബാഴ്‌സലോണയേക്കാൾ നാല് പോയിൻ്റ് പിന്നിലാണ് അവർ ഇപ്പോൾ.
ഇന്ന് 53-ാം മിനിറ്റിൽ അലെക്‌സ് ബെറെൻഗറിലൂടെ അത്‌ലറ്റിക് ക്ലബ് സ്‌കോറിംഗ് ആരംഭിച്ചു, ഇനാക്കി വില്യംസിൻ്റെ ക്രോസ് റയൽ മാഡ്രിഡിൻ്റെ പ്രതിരോധത്തിൽ കുഴപ്പമുണ്ടാക്കിയതിന് ശേഷം റീബൗണ്ട് മുതലെടുത്തായിരുന്നു ഗോൾ. 68-ാം മിനിറ്റിൽ സന്ദർശകർക്ക് സമനില നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും കൈലിയൻ എംബാപ്പെ പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.
78-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ മാഡ്രിഡ് സമനില ഗോൾ കണ്ടെത്തി. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ അത്‌ലറ്റിക് ലീഡ് തിരിച്ചുപിടിച്ചു. പകരക്കാരനായി എത്തിയ ഗോർക്ക ഗുരുസെറ്റ പ്രതിരോധത്തിൽ ഫെഡറിക്കോ വാൽവെർഡെയുടെ പിഴവ് മുതലാക്കുകയായിരുന്നു.
അത്‌ലറ്റിക് ക്ലബിൻ്റെ വിജയം അവരെ ടേബിളിൻ്റെ നാലാം സ്ഥാനത്ത് നിർത്തുന്നു.