മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ ഏഴാം മത്സരത്തിലും പെപ് ഗ്വാർഡിയോളയുടെ ടീം വിജയിച്ചില്ല. അവർ ഇന്ന് ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 2-0ന്റെ പരാജയമാണ് ലിവർപൂളിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി അവസാനം കളിച്ച 7 മത്സരങ്ങളിൽ 6ലും പരാജയപ്പെട്ടു.
ഇന്ന് തുടക്കം മുതൽ ലിവർപൂളിന്റെ ആധിപത്യമാണ് ആൻഫീൽഡിൽ കണ്ടത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. മൊ സലായുടെ അസിസ്റ്റിൽ നിന്ന് ഗാക്പോ ആണ് റെഡ്സിന് ലീഡ് നൽകിയത്. ലിവർപൂൾ ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒന്നും വലയിൽ എത്തിയില്ല.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. അവർക്ക് ആദ്യ പകുതിയിൽ ഒരു ഗോൾ ശ്രമം മാത്രമെ ആകെ നടത്താൻ ആയുള്ളൂ. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി കളി മെച്ചപ്പെടുത്തിയെങ്കിലും ലിവർപൂളിനെ സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് ആയില്ല.
77ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മൊ സലാ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ 34 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. അവർക്ക് 9 പോയിന്റിന്റെ ലീഡ് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.