ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം തുടരുകയാണ് ചെൽസിയുടെ ഇംഗ്ലീഷ് താരം കോൾ പാമർ. ബ്രൈറ്റന് എതിരെ ചെൽസി 4-2 നു ജയിച്ച മത്സരത്തിൽ നാലു ഗോളുകളും പാമർ ആണ് നേടിയത്. ആദ്യ പകുതിയിൽ 21, 28, 31, 41 മിനിറ്റുകളിൽ ഗോൾ നേടിയ പാമർ 10 മിനിറ്റിനു ഇടയിൽ ആണ് തന്റെ ഹാട്രിക് നേടിയത്.
പെനാൽട്ടിയും ഫ്രീ കിക്കും ഒക്കെ അടങ്ങിയത് ആയിരുന്നു ഗോളുകൾ. ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ പകുതിയിൽ നാലു ഗോളുകൾ നേടുന്ന ആദ്യ താരമായി പാമർ ഇതോടെ മാറി. കൂടാതെ ചെൽസിക്ക് ആയി പ്രീമിയർ ലീഗിൽ 3 ഹാട്രിക് നേടുന്ന നാലാമത്തെ മാത്രം താരമായും 22 കാരനായ പാമർ മാറി. വെറും 39 മത്സരങ്ങളിൽ ആണ് പാമർ തന്റെ മൂന്നാം ഹാട്രിക് ചെൽസിക്ക് ആയി നേടിയത്. സീസണിൽ ഇത് വരെ 6 ഗോളുകൾ നേടിയ പാമർ 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.