ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും 2 ഗോളിന് മുന്നിട്ടു നിന്ന ശേഷം മത്സരം 3-2 നു അടിയറവ് പറഞ്ഞു എവർട്ടൺ. കഴിഞ്ഞ മത്സരത്തിൽ ബോർൺമൗതിനോട് തോറ്റ അവർ ഇത്തവണ വില്ല പാർക്കിൽ ആസ്റ്റൺ വില്ലയോട് ആണ് സമാനമായ തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ മക്നെയിലിലൂടെ മുന്നിലെത്തിയ എവർട്ടൺ 27 മത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി. മക്നെയിലിന്റെ ക്രോസിൽ നിന്ന് ഗോൾ നേടിയ കാൾവെർട്ട് ലൂയിൻ ആണ് അവരുടെ രണ്ടാം ഗോൾ നേടിയത്. മത്സരത്തിൽ അത് വരെ ആധിപത്യം പുലർത്തിയ വില്ല ഞെട്ടി എങ്കിലും തുടർന്ന് തിരിച്ചു വരുന്നത് ആണ് പിന്നീട് കണ്ടത്.
36 മത്തെ മിനിറ്റിൽ ലൂകാസ് ഡീനെയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഒലി വാറ്റ്കിൻസ് വില്ലക്ക് ആയി ഒരു ഗോൾ മടക്കി. 8 ഗോൾ രഹിത മത്സരങ്ങൾക്ക് ശേഷമാണ് ഇംഗ്ലീഷ് താരം ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ ജാക്ക് ഹാരിസന്റെ പിഴവിൽ നിന്നു 58 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ വാറ്റ്കിൻസ് മത്സരത്തിൽ എമറെയുടെ ടീമിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് വിജയ ഗോളിന് ആയി നിരന്തരം വില്ല ആക്രമിച്ചു കളിച്ചു. 76 മത്തെ മിനിറ്റിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ഡുറാൻ റോസ് ബാർക്കിലിയുടെ പാസിൽ നിന്നു ഒരു ലോകോത്തര ഷോട്ടിലൂടെ ഗോൾ നേടി വില്ലക്ക് വിജയം സമ്മാനിക്കുക ആയിരുന്നു. ബോക്സിനു ഏറെ പുറത്ത് നിന്നുള്ള ഡുറാന്റെ ഇടൻ കാലൻ ബുള്ളറ്റ് ഷോട്ട് അവിശ്വസനീയം ആയിരുന്നു. ജയത്തോടെ ലീഗിൽ വില്ല മൂന്നാമത് എത്തിയപ്പോൾ നാലാം മത്സരവും പരാജയപ്പെട്ട എവർട്ടൺ അവസാന സ്ഥാനത്ത് ആണ്.