ടെന്നീസിൽ ഒരു പുരുഷ സിംഗിൾസ് താരം എന്തെല്ലാം നേടാൻ ഉണ്ടോ അതൊക്കെ നേടി ടെന്നീസ് പൂർത്തിയാക്കുക ആണ് നൊവാക് ജ്യോക്കോവിച് സെർബിയൻ ഇതിഹാസം. ടെന്നീസ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ റോജർ ഫെഡറർ, റാഫ നദാൽ വൈരം ആസ്വദിച്ചു രണ്ടായി നിന്ന ആരാധകർക്ക് മുന്നിൽ വില്ലൻ ആയി മാറിയ ജ്യോക്കോവിച് പക്ഷെ കരിയറിൽ 37 മത്തെ വയസ്സിൽ തന്റെ സമകാലികരെ എല്ലാ തലത്തിലും മറികടക്കുന്ന കാഴ്ചയാണ് കാണാൻ ആവുന്നത്. കളിക്കാൻ നിൽക്കുമ്പോൾ വിംബിൾഡണിൽ, ഓസ്ട്രേലിയൻ ഓപ്പണിൽ, യു.എസ് ഓപ്പണിൽ റോളണ്ട് ഗാരോസിൽ ഇന്നും ആരാധകർ എതിർ വശത്ത് കൂക്കി വിളിക്കുമ്പോഴും അതിനു ഒക്കെ വിജയങ്ങൾ കൊണ്ടും കിരീടങ്ങൾ കൊണ്ടും മാത്രം മറുപടി പറഞ്ഞു ജ്യോക്കോവിച് പറഞ്ഞു വെച്ചത് താൻ തന്നെയാണ് ഏറ്റവും വലിയ വില്ലൻ എന്നു തന്നെയാണ്.
എല്ലാ ഗ്രാന്റ് സ്ലാം കിരീടങ്ങളും മൂന്നു വീതം നേടുന്ന ഏക താരമായ ജ്യോക്കോവിച് കരിയറിൽ 24 തവണയാണ് ഗ്രാന്റ് സ്ലാം കിരീടത്തിൽ മുത്തം വെച്ചത്. പുരുഷ ടെന്നീസിൽ അത്രയും ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയ മറ്റൊരു താരവും ഇല്ല. 7 തവണയാണ് എ.ടി.പി ടൂർ ഫൈനൽ കിരീടം സെർബിയൻ താരം നേടുന്നത്, അത്രയും തവണ ടൂർ ഫൈനൽ കിരീടം വേറെയൊരു താരവും ജയിച്ചിട്ടില്ല. 9 എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടവും രണ്ടു തവണയെങ്കിലും ജയിച്ച ലോകത്തിലെ ഏക താരവും ജ്യോക്കോവിച് അല്ലാതെ മറ്റാരും അല്ല. ഇത് വരെ ഒരു താരവും ഒരു തവണ പോലും കരിയർ ഗോൾഡൻ മാസ്റ്റേഴ്സ് എന്ന ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നറിയുമ്പോൾ ആണ് ജ്യോക്കോവിച്ച് ഇത് രണ്ടു തവണ നേടിയിട്ടുണ്ട് എന്നതിന്റെ മഹത്വം അറിയുക. ഇതിനു പുറമെ സെർബിയയെ ഡേവിസ് കപ്പ് ജേതാക്കൾ ആക്കിയ ജ്യോക്കോവിച് നിലവിൽ ഒളിമ്പിക് സ്വർണം കൂടി നേടി പൂർത്തിയാക്കുന്നത് കരിയർ ഗോൾഡൻ സ്ലാമും, കരിയർ സൂപ്പർ സ്ലാമും എന്ന റെക്കോർഡ് കൂടിയാണ്. മൊത്തം കരിയറിൽ നേടിയ 99 കിരീടത്തിൽ 24 ഗ്രാന്റ് സ്ലാം കിരീടവും, 7 എ.ടി.പി ടൂർ ഫൈനൽസ് കിരീടവും, 40 എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടവും ഉണ്ട് എന്നിടത്ത് ജ്യോക്കോവിച്ചിന്റെ നേട്ടം കൂടുതൽ മധുരമുള്ളത് ആവുന്നു.
നാലു ഗ്രാന്റ് സ്ലാം കിരീടവും ഒളിമ്പിക് സ്വർണ മെഡലും നേടിയ രണ്ടേ രണ്ടു പുരുഷ താരങ്ങൾ ആണ് ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളത്, ഒന്നു ആന്ദ്ര അഗാസിയും മറ്റൊന്ന് റാഫേൽ നദാലും. എ.ടി.പി ഫൈനൽസ് കിരീടവും ഒളിമ്പിക് സ്വർണവും നാലു ഗ്രാന്റ് സ്ലാം കിരീടവും നേടി അഗാസിക്ക് ശേഷം കരിയർ സൂപ്പർ സ്ലാം നേടുന്ന താരവും ആയി ജ്യോക്കോവിച്. 428 ആഴ്ച ലോക ഒന്നാം നമ്പർ റാങ്കിൽ ഇരുന്ന ജ്യോക്കോവിച് ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ ആയ ലോക റെക്കോർഡിനും ഉടമയാണ്. 8 തവണ വർഷ അവസാന ഒന്നാം നമ്പർ പദവി എന്ന റെക്കോർഡും മറ്റാർക്കും അല്ല. ഫെഡററിന്റെ മനോഹാരിതയോ നദാലിന്റെ വന്യതയോ ഇല്ലെങ്കിലും അവരുടെ ആരാധകരുടെ അടുത്ത് ആരാധകർ ഇല്ലെങ്കിൽ നൊവാക് ജ്യോക്കോവിച് നേടിയെടുത്ത നേട്ടങ്ങൾ അവർ ആർക്കും നേടാൻ ആവാത്തത് തന്നെയാണ്. ലോകത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് താരം എന്ന അവകാശവാദത്തിൽ നിന്നു ലോകത്തിലെ എക്കാലത്തെയും മഹത്തായ കായിക താരം എന്ന അവകാശവാദം ആണ് നിലവിൽ ജ്യോക്കോവിച് ഉയർത്തുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. ജ്യോക്കോവിച് ആരാധകർ അല്ലാത്തവർ പോലും ചിലപ്പോൾ ഇത്തരം ഒരു അവകാശവാദത്തിനു അർഹൻ ജ്യോക്കോവിച് ആണെന്ന് ചിലപ്പോൾ സമ്മതിച്ചു എന്നും വരാം, അതാണ് നൊവാക് ജ്യോക്കോവിച് ഉണ്ടാക്കിയെടുത്ത ഇതിഹാസ പദവി.