ശ്രീജേഷ് ഹീറോ!! 10 പേരുമായി പൊരുതി ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ

Newsroom

ശ്രീജേഷ് ഹോക്കി ഇന്ത്യ
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസിൽ സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം. പാരീസ് ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രിട്ടണെ നേരിട്ട ഇന്ത്യ ഷൂട്ടൗട്ടിലൂടെ 4-2 എന്ന സ്കോറിനാണ് ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് ഒരു ചുവപ്പ് കാർഡ് കിട്ടിയതിനാൽ മൂന്ന് ക്വാർട്ടറോളം ഇന്ത്യ 10 പേരുമായാണ് കളിക്കേണ്ടി വന്നത്. മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം.

ഹോക്കി ഇന്ത്യ
ഹോക്കി ഇന്ത്യ

ഇന്ന് ബ്രിട്ടണ് എതിരെ ഇന്ത്യ ഡിഫൻസീവ് മോഡിലാണ് മത്സരം ആരംഭിച്ചത്. ആദ്യ ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യക്ക് കിട്ടിയ മൂന്ന് പെനാൾട്ടി കോർണറുകൾ മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല. സ്കോർ ഗോൾ രഹിതമായി തുടർന്നു‌.

രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ താരം രോഹിദാസ് ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാലും ഇന്ത്യ പതറിയില്ല. പെനാൾട്ടി കോർണറിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യക്ക് ലീഡ് നൽകി. അദ്ദേഹത്തിന്റെ ഈ ഒളിമ്പിക്സിലെ ഏഴാം ഗോളായിരുന്നു ഇത്‌.

രോഹിദാസിന് റെഡ് കാർഡ് ലഭിച്ച ഫൗൾ
രോഹിദാസിന് റെഡ് കാർഡ് ലഭിച്ച ഫൗൾ

പക്ഷെ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. ലീ മോർടണിലൂടെ ബ്രിട്ടൺ സമനില കണ്ടെത്തി. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 1-1. മൂന്നാം ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ സമനിലയിൽ നിർത്തി. അവസാന ക്വാർട്ടറിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ശ്രീജേഷിന്റെ വൻ സേവ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി.

കളി ഷൂട്ടോഫിൽ എത്തിക്കാൻ ഇന്ത്യക്ക് ആയി. ബ്രിട്ടന്റെ ആദ്യ രണ്ട് കിക്കുകളും അവർ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്ത്യക്ക് ആയി ഹർമൻപ്രീതും സുഭ്ജീതും ലക്ഷ്യം കണ്ടു. സ്കോർ 2-2. ബ്രിട്ടൺ അവരുടെ മൂന്നാം കിക്ക് നഷ്ടപ്പെടുത്തി. ലലിത് ഇന്ത്യയുടെ മൂന്നാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു‌. ഇന്ത്യ 3-2ന് മുന്നിൽ. ബ്രിട്ടന്റെ നാലാം കിക്കും ശ്രീജേഷ് തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തിൽ. ഇന്ത്യ സെമി ഫൈനലിൽ.