തോക്കിന്റെ പ്രശ്നം കാരണം പരാജയപ്പെട്ടു ടോക്കിയോയിൽ കണ്ണീർ അണിഞ്ഞു നിന്ന അതേ മനു ഭാകർ ഇന്ന് പാരീസിൽ ചരിത്രം എഴുതിക്കൊണ്ടാണ് അതിനു പ്രതികാരം ചെയ്യുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മനു മാറി. 2 ഒളിമ്പിക്സ് മെഡലുകൾ ഉള്ള അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്കും മനു എത്തി.
ഇന്ന് സരബ്ജോത് സിങിന് ഒപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയാണ് മനു തന്റെ രണ്ടാം മെഡൽ പാരീസിൽ നേടിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. ഇന്ത്യക്കായി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിത ഷൂട്ടറും കൂടിയാണ് മനു. ഇനി വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഷൂട്ട് ചെയ്യാൻ ഇറങ്ങുന്ന മനു പാരീസിൽ മൂന്നാം മെഡൽ ആവും ലക്ഷ്യം വെക്കുക. 22 കാരിയായ മനുവിൽ ഇനിയും ഇന്ത്യ ഭാവി ഒളിമ്പിക്സുകളിലും മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.