പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡൽ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റൽ മിക്സ്ഡ് ടീം ഇവന്റിൽ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡൽ നേടിയത്. ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തിൽ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്.
യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടാൻ ഇന്ത്യൻ സഖ്യത്തിനായിയിരുന്നു. മെഡൽ റൗണ്ടിൽ നല്ല നിലയിൽ അല്ല ഇന്ത്യ കളി ആരംഭിച്ചത്. തുടക്കത്തിൽ കൊറിയൻ സഖ്യം ലീഡ് എടുത്തു. എന്നാൽ ശക്തമായി തിരിച്ചുവരാൻ ഇന്ത്യക്ക് ആയി. അവസാനം മാച്ച് പോയിന്റിൽ നിൽക്കെ ഇന്ത്യ പതറി എങ്കിലും അവസാനം മെഡൽ ഉറപ്പിക്കാൻ ആയി.
ഇന്ത്യയുടെ രണ്ടാം മെഡൽ ആണിത്. നേരത്തെ മനു ഭാകർ ഇതേ ഇനത്തിൽ വനിതകളുടെ സിങ്കിൾസിൽ വെങ്കലം നേടിയിരുന്നു. രണ്ട് ഷൂട്ടിംഗ് മെഡലുകൾ ഒരൊറ്റ ഒളിമ്പിക്സിൽ നേടി മനു ഭാകർ ഇതോടെ ചരിത്രം കുറിച്ചു.