പാരീസ് ഒളിമ്പിക്സിൽ നീന്തലിൽ ആദ്യ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്ട്രേലിയ. വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ കഴിഞ്ഞ മൂന്നു തവണയും സ്വർണം നേടിയ ഓസ്ട്രേലിയൻ ടീം ഇത്തവണ പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടുക ആയിരുന്നു. ഓസ്ട്രേലിയ സ്വർണം മുമ്പ് തന്നെ ഉറപ്പിച്ചിരുന്ന ഇനത്തിൽ 3 മിനിറ്റ് 28.92 സെക്കന്റ് എന്ന സമയം ആണ് അവർ കുറിച്ചത്. ഈ ഇനത്തിൽ അമേരിക്ക വെള്ളി നേടിയപ്പോൾ പുതിയ ഏഷ്യൻ റെക്കോർഡ് ആയ 3 മിനിറ്റ് 30.30 സെക്കന്റ് സമയം കുറിച്ച ചൈന വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ അത്യന്തം ആവേശം നിറഞ്ഞ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ 3 മിനിറ്റ് 09.28 സെക്കന്റ് സമയം കുറിച്ച അമേരിക്കയാണ് സ്വർണം നേടിയത്. പിന്നിൽ നിന്ന് നീന്തി കയറിയ ഓസ്ട്രേലിയ വെള്ളി നേടിയപ്പോൾ ഇറ്റലിയാണ് വെങ്കലം നേടിയത്.
രണ്ടു വ്യക്തിഗത ഇനത്തിലും ഇന്ന് നീന്തൽ കുളത്തിൽ നിന്നു മെഡൽ പിറന്നു. ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിൽ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ഓസ്ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസ് സ്വർണം നേടി. 3 മിനിറ്റ് 57.49 സെക്കന്റ് സമയം ആണ് താരം കുറിച്ചത്. കാനഡയുടെ 17 കാരിയായ സമ്മർ മക്ലന്തോഷ് വെള്ളി നേടിയപ്പോൾ നീന്തൽ കുളത്തിലെ ഇതിഹാസതാരം അമേരിക്കയുടെ കാത്തലീൻ(കേറ്റി) ലെഡകി വെങ്കലം നേടി തന്റെ മെഡൽ വേട്ടക്ക് പാരീസിൽ തുടക്കം ഇട്ടു. അതേസമയം പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ജർമ്മനിക്ക് പാരീസിലെ ആദ്യ സ്വർണം സമ്മാനിച്ചു ലൂകാസ് മർട്ടൻസ്. 3 മിനിറ്റ് 41.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയാണ് താരം സ്വർണം ജർമ്മനിക്ക് സമ്മാനിച്ചത്. ഓസ്ട്രേലിയൻ താരം എലിയ വില്ലിങ്ഡൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ദക്ഷിണ കൊറിയൻ താരം കിം വൂ-മിൻ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.