കൊല്ലം: സൗത്ത് സോണ്‍ സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയം തുടര്‍ന്ന് കേരള പുരുഷ ടീം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയായിരുന്നു കേരളത്തിന്റെ മിന്നും വിജയം. മത്സരം ആരംഭിച്ച് ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കേരളം ലീഡ് എടുത്തു. 13 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം നദീമാണ് കേരളത്തിന് വേണ്ടി ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് കേരള ടീമിനെ തേടി നിരവധി അവസരങ്ങള്‍ വന്നെങ്കിലും കര്‍ണാടകന്‍ ഗോള്‍ കീപ്പര്‍ വില്ലനായി.
രണ്ടാം പുകുതി ആരംഭിച്ച് ആറ് മിനുട്ടിന് ശേഷം 36 ാം മിനുട്ടില്‍ കേരളം ആദിത്യനിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ച് മിനുട്ടിന് ശേഷം നദീവ് രണ്ടാം ഗോള്‍ നേടി. തൊട്ടുമുമ്പ് നഷ്ടപ്പെടുത്തിയ അവസരത്തിനുള്ള പ്രതികാരം എന്നോണമായിരുന്നു ഗോള്‍. 43 ാം മിനുട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് കര്‍ണാടക മത്സരത്തിലേക്ക് തിരിക്കെയെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 53ാം മിനുട്ടില്‍ കേരളം ലക്‌റ ആദിത്യയിലൂടെ നാലാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍. 56 ാം മിനുട്ടില്‍ രാജു ബന്‍ഗാരിയിലൂടെ കേരളം അഞ്ച് ഗോള്‍ തികച്ചു. കേരളത്തിന്റെ ലക്‌റ ആദിത്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഗ്രൂപ്പിലെ ശക്തര്‍ തമ്മിലുള്ള മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ച് തമിഴ്‌നാടിന്റെ കുതിപ്പ്. വനിതകളുടെ ഗ്രൂപ്പിലെ രണ്ടാം ദിനത്തിലെ മൂന്നാം മത്സരത്തില്‍ കേരളത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ഇരുടീമിനും ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ 18 ാം മിനുട്ടില്‍ സ്വാതി ശര്‍മയിലൂടെ തമിഴ്‌നാട് മൂന്നിലെത്തി. ഗോള്‍ വീണതോടെ ഉണര്‍ന്ന കളിച്ച കേരളത്തിന് രണ്ടും മൂന്നും ക്വാര്‍ട്ടറില്‍ ഗോളെന്നും നേടാന്‍ സാധിച്ചില്ല. കേരളത്തിന്റെ എല്ലാ ശ്രമങ്ങളും തമിഴ്‌നാടിന്റെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തട്ടി അകറ്റി. അവസാന ക്വാര്‍ട്ടറിന്റെ 53 ാം മിനുട്ടില്‍ കേരളം പരമേശ്വരി പിണപ്പൊതുളയിലൂടെ സമനില പിടിച്ചു. എന്നാല്‍ ആ സന്തോഷത്തിന് ഒരു മിനുട്ടിന്റെ അയുസ് മാത്രമേ ഉണ്ടയിരുന്നൊള്ളൂ. 54 ാം മിനുട്ടില്‍ തന്നെ തമിഴ്‌നാട് ക്യാപ്റ്റന്‍ ജോവിനയിലൂടെ ലീഡ് എടുത്തു. അവസാന വിസില്‍ വരെ കേരളം സമനില നേടാന്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ ഗോള്‍ ശ്രമങ്ങളെ പ്രതിരോധിച്ച തമിഴ്‌നാടിന്റെ പ്രതിരോധ താരം കാവ്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ചയാണ് കേരളത്തിന്റെ മൂന്നാം മത്സരം. പുതുച്ചേരിയാണ് എതിരാളി.
രണ്ടാം ദിനത്തിന്റെ വനിതകളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ഗോളി മുക്കി ആന്ധ്രാപ്രദേശ്. എതിരില്ലാത്ത പത്ത് ഗോളിനാണ് തോല്‍പ്പിച്ചത്. ആന്ധ്രാപ്രദേശിന് വേണ്ടി ക്യാപ്റ്റന്‍ മധുരിമ ഭായ് നാല് ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൊലുങ്കാനയെ പരാജയപ്പെടുത്തി കര്‍ണാടക. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കര്‍ണാടകയുടെ ജയം. ആദ്യം മൂന്ന് ഗോള്‍ നേടിയതിന് ശേഷമാണ് കര്‍ണാടക രണ്ട് ഗോള്‍ വഴങ്ങിയത്. കര്‍ണാടകയ്ക്ക് വേണ്ടി പെര്‍ലിന്‍ പൊന്നമ്മ ഇരട്ടഗോള്‍ നേടി.
പുരുഷന്‍മാരുടെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആന്ധ്രാപ്രദേശ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പുതുച്ചേരിയോട് പരാജയപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിന് വേണ്ടി ഹുസൈന്‍ സയിദ് ജകീര്‍ ഇരട്ട ഗോള്‍ നേടി. ദേവ സായ് യാഥവാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പുതുച്ചേരിയെ പരാജയപ്പെടുത്തി തമിഴ്‌നാട്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്‍ തമിഴ്‌നാടിന്റെ ജയം.
മത്സരത്തിലുടനീളം അടി തിരിച്ചടി എന്ന രീതിയിലായിരുന്നു മത്സരം. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. നീതീശ്വരന്‍ തന്നെയാണ് മത്സരത്തിലെ താരം.
നാളെ (ഞായര്‍) മത്സരം ഉണ്ടായിരിക്കുന്നതല്ല.