യൂറോ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സെർബിയ അവസാന നിമിഷ ഗോളിൽ സമനില നേടി. ഇന്ന് സ്ലൊവേനിയയോട് തോറ്റ് ഗ്രൂപ്പിൽ നിന്ന് പുറത്തായേക്കും എന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിലാണ് സെർബിയ സമനില കണ്ടെത്തി പ്രതീക്ഷകൾ കാത്തത്. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. രണ്ടു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും അവസരം മുതലാക്കാൻ രണ്ടു ടീമിനും ആയില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ 69 മിനിട്ടിൽ കാർണിക്നികിലൂടെ ആണ് സ്ലൊവേനിയ ഗോൾ നേടിയത്. എൽസ്നികിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു മറുപടി നൽകാൻ ശ്രമിച്ച സെർബിയയുടെ നിരവധി ശ്രമങ്ങൾ ഗോളിന് അടുത്ത് കൂടെ പുറത്ത് പോയി. അവസാനം മിട്രോവിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി.
അവസാനം 96ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ലൂക യോവിച് ആണ് സെർബിയക്ക് സമനിക നൽകിയത്. സെർബിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. സ്ലൊവേനിയ ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് സമനില വഴങ്ങുകയാണ് ചെയ്തത്. ഇതോടെ സ്ലൊവീന്യക്ക് 2 പോയിന്റും സെർബിയക്ക് 1 പോയിന്റും ആണുള്ളത്.