ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ആകാത്ത ഇന്ത്യക്ക് പുതിയ ഫിഫാ റാങ്കിംഗിൽ വലിയ തിരിച്ചടി. പുതിയ റാങ്കിംഗിൽ ഇന്ത്യ 124ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യ 121ആം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ ലോകകപ്പ് യോഗ്യത പോരിൽ കുവൈറ്റിനോട് സമനില വഴങ്ങിയിരുന്നു. പിന്നാലെ ഖത്തറിനോട് തോൽക്കുകയും ചെയ്തിരുന്നു.
ഏഷ്യൻ കപ്പ് മുതൽ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ് ഇന്ത്യയെ ഫിഫ റാങ്കിംഗിൽ വലിയ രീതിയിൽ ബാധിക്കുന്നത്. ഏഷ്യൻ കപ്പിനു മുമ്പ് ഇന്ത്യ 102ആം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡിൽ ആകെ 6 പോയിന്റോളം നഷ്ടമായി. ആകെ 1139 പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്.
അർജന്റീന ആണ് റാങ്കിംഗിൽ ഒന്നാമത് തുടരുന്നത്. ഫ്രാൻസ് ആണ് രണ്ടാമത്. ബ്രസീൽ അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം സ്ഥനത്തേക്ക് കയറി.