സൗദി അറേബ്യയിൽ കിംഗ്സ് കപ്പിൽ റൊണാൾഡോക്കും അൽ നസറിനും നിരാശ. അൽ ഹിലാൽ ആണ് അൽ നസറിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായത്. ഇന്ന് പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ആയിരുന്നു ഹിലാലിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. എക്സ്ട്രാ ടൈമിലും ഈ സ്കോർ തുടർന്നതോടെ കളി പെനാൾട്ടിയിൽ എത്തി. പെനാൾട്ടിയിൽ 5-4 എന്ന സ്കോറിന് അവർ വിജയിച്ചു. അൽ ഹിലാലിന് ഇതോടെ സൗദിയിൽ ഡബിൾ നേടാൻ ആയി.
ഇന്ന് മികച്ച തുടക്കം നേടാൻ ആയത് അൽ ഹിലാലിനായിരുന്നു. അവർ മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. മിട്രോവിച് ആണ് അവർക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഉടനീളം ഈ ലീഡ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 56ആം മിനുട്ടിൽ അൽ നസർ ഗോൾ കീപ്പർ ഒസ്പിന ചുവപ്പ് കാർഡ് വാങ്ങി. ഇതോടെ അൽ നസർ 10 പേരായി ചുരുങ്ങി.
ഇനി അൽ നസറിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് കരുതിയത്. പല അവസരങ്ങളും അവർക്ക് ഗോളാക്കി മാറ്റാനും ആയില്ല. റൊണാൾഡോയുടെ ഒരു ലോകോത്തര ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം 87ആം മിനുട്ടിൽ അൽ ഹിലാൽ താരം അൽ ബുലൈഹി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് കളിയിൽ വഴിത്തിരിവായി.
88ആം മിനുട്ടിൽ അയ്മനിലൂടെ അൽ നസർ സമനില പിടിച്ചു. തൊട്ടടുത്ത മിനുട്ടിൽ അൽ ഹിലാലിന്റെ കൗലൊബലി കൂടെ ചുവപൊ നേടി. ഇതോടെ അൽ ഹിലാൽ 9 പേരായി ചുരുങ്ങി. അൽ നസറിന് 10 പേരും.
കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും സമനില തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ കിക്ക് അൽ ഹിലാലിന്റെ റൂബൻ നെവസ് നഷ്ടപ്പെടുത്തി. അൽ നസറിന്റെ കിക്ക് എടുത്ത ടെല്ലസിനും കിക്ക് പുറത്തടിക്കാനെ ആയുള്ളൂ.
രണ്ടാമത് കിക്ക് എടുത്ത മിട്രോവിചും റൊണാൾഡോയും ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. കാനുവും അൽ നാജിയും അടുത്ത കിക്കുകൾ വലയിൽ എത്തിച്ചു. സ്കോർ 2-2. നാലാം കിക്കുകളും വലയിൽ. സ്കോർ 3-3. അഞ്ചാം കിക്കുകളും വലയിൽ ആയതോടെ സ്കോർ 4-4 എന്നായി. കളി സഡൻ ഡെത്തിലേക്ക് കടന്നു.
അബ്ദുൽ ഹമദ് എടുത്ത അൽ ഹിലാലിന്റെ ആറാം കിക്ക് അബ്ദുള്ള തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിയാൽ അൽ നസറിന് കിരീടം. അലി അൽ ഹസനാണ് ആ കിക്ക് എടുത്തത്. ബോണോ ആ കിക്ക് സേവ് ചെയ്തു. വീണ്ടും ഒപ്പത്തിനൊപ്പം. അൽ നസറിന്റെ അടുത്ത കിക്കും ബോണോ സേവ് ചെയ്ത് കിംഗ്സ് കപ്പ് സ്വന്തമാക്കി.