തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫലസ്തീൻ പിന്തുണയുമായി രംഗത്ത് എത്തിയ രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദെക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിനു ആൾക്കാർ പങ്കുവെച്ച ‘ഓൾ ഐസ് ഓൺ റഫ’ എന്ന പോസ്റ്റർ റിതിക സജ്‌ദെയും പങ്കുവെച്ചിരുന്നു. എന്നാൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട റിതിക മണിക്കൂറുകൾക്കുള്ളിൽ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് സ്റ്റോറി ഡിലീറ്റ് ചെയ്യേണ്ടി വന്നു.
തീവ്ര വലതുപക്ഷ അനുകൂലികളിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം റിതിക നേരിട്ടത്. രോഹിത് ശർമ്മയുടെ അഞ്ച് വയസ്സു മാത്രമുള്ള മകൾക്ക് എതിരെ വരെ ഈ സൈബർ ആക്രമണം വന്നതോടെയാണ് അവർ പോസ്റ്റ് പിൻവലിക്കേണ്ടി വന്നത്.
പോസ്റ്റ് പിൻവലിച്ച ശേഷവും അവരുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ അവർക്ക് എതിരെ മോശമായ ഭാഷയിൽ ഉള്ള ആക്രമണങ്ങൾ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ ഓപ്പണർ ട്രാവിസ് ഹെഡ്, ഇന്ത്യൻ കലാരംഗത്തെ പ്രമുഖ സെലിബ്രിറ്റകൾ ആയ ദുൽഖർ സൽമാൻ, ആലിയ ഭട്ട്, വരുൺ ധവാൻ, സാമന്ത എന്ന് തുടങ്ങി നിരവധി പേർ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.