ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തിരികെ എത്തി. ഇന്ന് നടന്ന മത്സരത്തിൽ ഫുൾഹാമിനെ പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് എത്തിയത്. ഇനി ശേഷിക്കുന്ന രണ്ടു മത്സരങ്ങളും കൂടി വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പാണ്. ഇന്ന് ഫുൾമിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.
ആദ്യപകുതിയിൽ ഡിഫൻഡർ ഗ്വാർഡിയോൾ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്. ഈ സീസണിൽ നിർണായക ഘട്ടത്തിൽ ഗ്വാർഡിയോൾ ഗോളുമായി ടീമിനെ സഹായിക്കുന്നത് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി അറ്റാക്ക് തുടർന്നു. അധികം വൈകാതെ തന്നെ അവർക്ക് ഫിൽ ഫോഡനിലൂടെ തങ്ങളുടെ രണ്ടാം ഗോൾ നേടാനായി.
ഈ സീസണിലെ ഫോഡന്റെ ഇരുപത്തിയഞ്ചാം ഗോൾ ആണിത്. ഇതാദ്യമാണ് കരിയറിൽ ഫോഡൻ ഒരു സീസണിൽ 25 ഗോളിൽ എത്തുന്നത്. 71ആം മിനുട്ടിൽ ഗ്വാർഡിയോൾ വീണ്ടും സിറ്റിക്കായി വല കണ്ടെത്തി. സ്കോർ 3-0. അവസാനം ഒരു പെനാൾട്ടിയിൽ നിന്ന് ആൽവരസ് കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റ് ആയി 36 മത്സരങ്ങളിൽ തന്നെ 83 പോയിൻറ് ഉള്ള ആഴ്സണൽ ആണ് രണ്ടാംസ്ഥാനത്ത്. നാളെ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിൽ വച്ച് നേരിടാൻ ഇരിക്കുകയാണ്. ആ മത്സരം വിജയിച്ചില്ല എങ്കിൽ ആഴ്സണലിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കും.