യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് അല്ലാതെ പിന്നെ ആര്. അവർ അത്ഭുതങ്ങൾ കാണിക്കും. അവർക്കായി അത്ഭുതങ്ങൾ നടക്കും. ഇന്നും അങ്ങനെ ഒരു ചാമ്പ്യൻസ് ലീഗ് രാത്രി ആയിരുന്നു. ബയേൺ മ്യൂണിക്ക് ഫൈനലിൽ എന്ന് ഉറപ്പിച്ച സമയത്ത് നൂയർ പോലൊരു ഇതിഹാസ ഗോൾകീപ്പർ ഒരു അബദ്ധം നടത്തുകയും അതിൽ നിന്ന് റയലിന്റെ തിരിച്ചടി വരികയും. 1-0ന് പിറകിൽ നിന്ന് 2-1 അതും നിമിഷങ്ങൾക്ക് അകം. ആദ്യ പാദത്തിൽ കളി 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 4-3ന് ജയിച്ചാണ് റയൽ ഫൈനലിലേക്ക് പോകുന്നത്.
ബെർണബെയുവിൽ ഇന്ന് തുടക്കത്തിൽ റയൽ മാഡ്രിഡിന്റെ അറ്റാക്കുകൾ ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ കൂടുതൽ അറ്റാക്കും റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നായിരുന്നു വന്നത്. നൂയറിന്റെ മികച്ച സേവും വിനീഷ്യസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും ആദ്യ പകുതിയിൽ കാണാൻ ആയി.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ വിനീഷ്യസിന്റെ ഒരു പാസിൽ നിന്ന് റോഡ്രിഗോയുടെ ഗോൾ ശ്രമം ചെറിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. 60ആം മിനുട്ടിൽ വിനീഷ്യസിന്റെ ഒരു ഷോട്ട് ഫുൾ സ്ട്രച്ച് ഡൈവിലൂടെ നൂയർ രക്ഷപ്പെടുത്തി.
67ആം മിനുട്ടിൽ റയലിനെ ഞെട്ടിച്ചു കൊണ്ട് അൽഫോൺസോ ഡേവിസിന്റെ ഫിനിഷ്. താരത്തിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. ഹാരി കെയ്നിന്റെ ഒരു ഡയഗണൽ പാസ് സ്വീകരിച്ചായിരുന്നു ഈ ഗോൾ.
71ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റയൽ മാഡ്രിഡ് സമനില നേടിയിരുന്നു. എന്നാൽ ഗോളിന് മുമ്പ് നാചോ കിമ്മിചിനെ ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ കണ്ടെത്തി. ഗോൾ നിഷേധിക്കപ്പെട്ടു. സ്കോർ 1-0ൽ തുടർന്നു.
റയൽ ചില മാറ്റങ്ങൾ നടത്തി നോക്കിയിട്ടും ബയേൺ ഡിഫൻസ് ഭേദിക്കാൻ റയലിനായില്ല. അവസാനം 87ആം മിനുട്ടിൽ നൂയറിന്റെ അബദ്ധത്തിൽ നിന്ന് റയലിന്റെ സമനില ഗോൾ വന്നു. വിനീഷ്യസിന്റെ അനായസം കൈക്കലാക്കാവുന്ന ഒരു ഷോട്ട് നൂയറിന്റെ കയ്യിൽ നിന്ന് സ്ലിപ്പ് ആയി. ഹൊസേലു ആ അവസരം മുതലെടുത്ത് ഫിനിഷ് ചെയ്തു. സ്കോർ 1-1.
അധികം വൈകാതെ റയൽ മാഡ്രിഡ് ലീഡും എടുത്തു. ഇഞ്ച്വറി ടൈമിന്റെ ആദ്യ മിനുട്ടിൽ ഹൊസേലുവിലൂടെ രണ്ടാം ഗോൾ. ആദ്യം ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനയിൽ അത് ഗോളാണെന്ന് വിധിച്ചു.
81ആം മിനുട്ടിൽ സബ്ബായി എത്തിയാണ് ഹൊസേലു ഇരട്ട ഗോളടിച്ച് വിജയം ഉറപ്പിച്ചത്. ഈ സീസണിൽ ഹൊസേലു ആകെ 16 ഗോളുകൾ റയലിനായി അടിച്ചിട്ടുണ്ട്.അതിൽ ഏറ്റവും വലിയ രണ്ടു ഗോളുകൾ ആണ് ഇന്ന് വന്നത്.
ഈ രണ്ടു ഗോളുകൾ ബയേണെ ആകെ തകർത്തു. അവർക്ക് ഒരു തിരിച്ചുവരവിനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഫൈനൽ വിസിൽ വന്നപ്പോൾ 14 തവണ ചാമ്പ്യന്മാരായിട്ടുള്ള റയൽ മാഡ്രിഡ് ഫൈനലിൽ. ജർമ്മൻ ക്ലബു തന്നെ ആയ ഡോർട്മുണ്ടിനെ ആകും റയൽ ഇനി ഫൈനലിൽ നേരിടുക.