ഇന്ന് സൺറൈസസ് ഹൈദരാബാദ് സൂപ്പർ ജയന്റ്സിന് എതിരെ വിജയിച്ചതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റഡ് ആയി. ഈ ഐപിഎല്ലിൽ ആദ്യമായി എലിമിനേറ്റ് ആവുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി. മുംബൈ ഇന്ത്യൻസ് ഇനി ശേഷിക്കുന്ന എല്ലാ മത്സരങ്ങൾ ജയിച്ചാലും അവർക്ക് ഇനി ഒരു സാധ്യതയുമില്ല. ഇതുവരെ അവർക്ക് കണക്കിൽ സാധ്യതകൾ ഉണ്ടായിരുന്നു.
മുംബൈ ഇന്ത്യൻസിന് ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റ് ആണുള്ളത്. ഇനി എങ്ങനെ പോയാലും ചുരുങ്ങിയത് 4 ടീമുകൾ 14 പോയിന്റിൽ എത്തും എന്ന് ഉറപ്പായി. അതോടെ മുംബൈ എന്ത് കളിച്ചാലും അവർക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആവില്ല. മുംബൈക്ക് രണ്ടു മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോൾ 16 പോയിന്റുമായി കൊൽക്കത്ത ഒന്നാമതും, 16 പോയിൻറ് തന്നെയുള്ള രാജസ്ഥാൻ രണ്ടാമതും, 14 പോയിൻറ് ഉള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും ആണ്. പിറകിൽ 12 പോയിന്റുമായി ചെന്നൈ ലക്നൗ ഡൽഹി എന്നീ ടീമുകൾ ഉണ്ട്. ഈ ടീമുകൾക്ക് പരസ്പരം മത്സരങ്ങൾ ബാക്കിയുള്ളതുകൊണ്ട് ഇവരിൽ ആരെങ്കിലും ഒരാൾ 14 പോയിന്റിൽ എത്തും എന്നുള്ളത് ഉറപ്പാണ്.
അങ്ങനെ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ ആയതിനുശേഷം ഉള്ള ആദ്യ സീസണിൽ മുംബൈ ആദ്യം എലിമിനേറ്റ് ആകുന്ന ടീമായി മാറി.