സാംസൺ പവറിന് ശേഷം പിടിമുറുക്കി ഡൽഹി, രാജസ്ഥാന് മൂന്നാം തോൽവി സമ്മാനിച്ച് ഡൽഹി

Sports Correspondent

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയൽസിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കായുള്ള കാത്തിരിപ്പ് തുടരും. ഇന്ന് ഡൽഹിയ്ക്കെതിരെ 222 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 201 റൺസ് മാത്രമേ നേടാനായുള്ളു. ക്യാപ്റ്റന്‍ സഞ്ജു സാംസൺ ക്രീസിലുള്ളപ്പോള്‍ രാജസ്ഥാന്‍ ക്യാമ്പിൽ പ്രതീക്ഷ നിലനിന്നുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ താരം പുറത്തായ ശേഷം ഡൽഹി മത്സരത്തിൽ വിക്കറ്റുകളുമായി പിടിമുറുക്കുകയായിരുന്നു. 20 റൺസ് വിജയം ഡൽഹിയെ 12 പോയിന്റിലേക്ക് എത്തുവാന്‍ സഹായിച്ചു.

രണ്ടാം പന്തിൽ യശസ്വി ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായ രാജസ്ഥാനെ 63 റൺസ് കൂട്ടുകെട്ടുമായി സഞ്ജു സാംസൺ – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചപ്പോള്‍ 5.5 ഓവറിൽ 17 പന്തിൽ 19 റൺസ് നേടിയ ബട്‍ലറുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. 36 റൺസ് സഞ്ജുവും – റിയാന്‍ പരാഗും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 11ാം ഓവറിന്റെ അവസാന പന്തിൽ പരാഗിനെ റാസിഖ് സലാം പുറത്താക്കി. 27 റൺസായിരുന്നു പരാഗിന്റെ സംഭാവന.

കുൽദീപിനെ സിക്സര്‍ പറത്തി 28 പന്തിൽ നിന്ന് സഞ്ജു തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. അവസാന എട്ടോവറിൽ 109 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റാസിഖിനെ സിക്സറോടെ വരവേറ്റ സഞ്ജു അടുത്ത പന്തിൽ ബൗണ്ടറിയും മൂന്നാം പന്തിൽ സിക്സറും നേടിയപ്പോള്‍ അടുത്ത മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു. ഓവറിൽ നിന്ന് 18 റൺസാണ് പിറന്നത്.

ഇഷാന്ത് ശര്‍മ്മയെറിഞ്ഞ അടുത്ത ഓവറിൽ സഞ്ജു ഒരു ബൗണ്ടറി നേടിയപ്പോള്‍ ശുഭം ദുബേ ഒരു ഫോറും ഒരു സിക്സും നേടി ഓവര്‍ അവസാനിപ്പിച്ചു. 14ാം ഓവറിൽ നിന്ന് 17 റൺസ് വന്നപ്പോള്‍ 36 പന്തിൽ നിന്ന് രാജസ്ഥാന്‍ 74 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

21 പന്തിൽ നിന്ന് സഞ്ജു – ദുബേ കൂട്ടുകെട്ട് തങ്ങളുടെ അര്‍ദ്ധ ശതക പാര്‍ട്ണര്‍ഷിപ്പ് പൂര്‍ത്തിയാക്കി. ഖലീൽ അഹമ്മദ് എറിഞ്ഞ 15ാം ഓവറിൽ ശുഭം ദുബേ ആദ്യ പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ഖലീൽ നാല് വൈഡുകള്‍ എറിഞ്ഞ് രാജസ്ഥാന്റെ സ്കോറിംഗിനെ സഹായിച്ചു. എന്നാൽ പിന്നീട് വലിയ ഷോട്ടുകള്‍ നേടുവാന്‍ സഞ്ജുവിന് സാധിക്കാതെ പോയപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് വന്നത്. അവസാന അഞ്ചോവറിൽ 63 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.

Dckuldeep

28 പന്തിൽ 59 റൺസ് കൂട്ടുകെട്ടിനെ മുകേഷ് കുമാര്‍ ആണ് തകര്‍ത്തത്. 46 പന്തിൽ 86 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. അടുത്ത രണ്ട് പന്തിൽ ബൗണ്ടറി പിറന്നപ്പോള്‍ അവസാന നാലോവറിൽ രാജസ്ഥാന് നേടേണ്ടിയിരുന്നത് 52 റൺസായിരുന്നു.

ഖലീലിനെ സിക്സറും ബൗണ്ടറിയും നേടി ശുഭം ദുബേ മികച്ച രീതിയിലുള്ള തുടക്കം രാജസ്ഥാന് നൽകിയെങ്കിലും ഓവറിലെ നാലാം പന്തിൽ താരം പുറത്തായി. 12 പന്തിൽ 25 റൺസായിരുന്നു ദുബേയുടെ സംഭാവന. മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലും ഖലീൽ എറിഞ്ഞ 17ാം ഓവറിലും 11 റൺസ് വന്നപ്പോള്‍ രാജസ്ഥാന്റെ അവസാന മൂന്നോവറിലെ ലക്ഷ്യം 41 റൺസായി മാറി.

ഡൊണോവന്‍ ഫെരേരയെ പുറത്താക്കി കുൽദീപ് രാജസ്ഥാന് ആറാം പ്രഹരം ഏല്പിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ അശ്വിനെയും കുൽദീപ് പുറത്താക്കി. വെറും 4 റൺസാണ് ഓവറിൽ നിന്ന് കുൽദീപ് വിട്ട് നൽകിയത്. റാസിഖ് സലാം എറിഞ്ഞ 19ാം ഓവറിൽ പവൽ ഒരു സിക്സര്‍ നേടിയെങ്കിലും ഓവറിൽ നിന്ന് വെറും 8 റൺസ് മാത്രം പിറന്നതോടെ അവസാന ഓവറിൽ 29 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.

അവസാന ഓവറിൽ പവലിനെ പുറത്താക്കി മുകേഷ് കുമാര്‍ ഡൽഹിയുടെ വിജയം ഉറപ്പാക്കി. 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 20 റൺസ് വിജയം ആണ് ഡൽഹി സ്വന്തമാക്കിയത്.