ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും നിറഞ്ഞാടിയപ്പോള്‍ ഒരു ഘട്ടത്തിൽ 300ന് മേലെ സ്കോര്‍ ടീം എടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുൽദീപ് യാദവിന്റെ മികവുറ്റ ബൗളിംഗ് സൺറൈസേഴ്സിനെ 266 റൺസിലൊതുക്കുവാന്‍ ഡൽഹിയെ സഹായിക്കുകയായിരുന്നു. ആദ്യ പത്തോവറിൽ 158 റൺസ് നേടിയ സൺറൈസേഴ്സിന് അടുത്ത പത്തോവറിൽ 108 റൺസേ നേടാനായുള്ളു.
പവര്‍പ്ലേയിൽ 125 റൺസാണ് സൺറൈസേഴ്സ് നേടിയത്. ഡൽഹി ബൗളര്‍മാരെ തല്ലിയോടിച്ച് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ മുന്നേറിയപ്പോള്‍ പവര്‍പ്ലേ കഴിഞ്ഞ് രണ്ടാം പന്തിൽ അഭിഷേക് ശര്‍മ്മയെ പുറത്താക്കി കുൽദീപ് യാദവ് ഡൽഹിയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. 12 പന്തിൽ 46 റൺസായിരുന്നു അഭിഷേക് ശര്‍മ്മയുടെ സംഭാവന. അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി കുൽദീപ് സൺറൈസേഴ്സിന് രണ്ടാം തിരിച്ചടി നൽകി.
32 പന്തിൽ 89 റൺസ് നേടിയ ട്രാവിസ് ഹെഡിനെയും കുൽദീപ് തന്നെ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചു. അധികം വൈകാതെ അക്സര്‍ പട്ടേൽ ഹെയിന്‍റിച്ച് ക്ലാസ്സനെ പുറത്താക്കിയപ്പോള്‍ 131/0 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 154/4 എന്ന നിലയിലേക്ക് വീഴുന്നത് ഏവരും കുണ്ടു.
പത്തോവര്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 158/4 എന്ന സ്കോറാണ് നേടിയത്. പിന്നീട് ഷഹ്ബാസ് അഹമ്മദ് – നിതീഷ് റെഡ്ഡി കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 200ന് മേലെയ്ക്ക് നയിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 67 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. നിതീഷ് റെഡ്ഡിയെ പുറത്താക്കി കുൽദീപ് തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്.
4 വിക്കറ്റ് നേടിയ കുൽദീപ് തന്റെ നാലോവറിൽ 55 റൺസാണ് വഴങ്ങിയത്. ഷഹ്ബാസ് അഹമ്മദ് 29 പന്തിൽ നിന്ന് 59 റൺസ് നേടി തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടി.