ഇന്ന് പഞ്ചാബ് കിങ്സ് വിജയിച്ചിരുന്നു എങ്കിൽ ഒരൊറ്റ പേര് മാത്രമെ കേൾക്കുമായിരുന്നുള്ളൂ. അശുതോഷ് ശർമ്മ എന്ന പേര്. അത്ര മികച്ച ഇന്നിംഗ്സ് ആയിരുന്നു താരം കളിച്ചത്. എന്നാൽ ഇന്ന് പഞ്ചാബ് മുംബൈ ഇന്ത്യൻസിനോട് 9 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത് കൊണ്ട് ആ പേര് ചിലപ്പോൾ വാഴ്ത്തപ്പെടില്ല. ഇന്ന് അശുതോഷ് കളിച്ച ഇന്നിംഗ്സ് കഴിഞ്ഞ ദിവസം ബട്ലർ രാജസ്ഥാൻ റോയൽസിനായി കളിച്ചതു പോലെ മനോഹരവും പ്രാധാന്യമുള്ളതും ആയിരുന്നു. പക്ഷെ താരത്തിന് ഫിനിഷിംഗ് ലൈനിലേക്ക് തന്റെ ടീമിനെ എത്തിക്കാൻ ആയില്ല.
പഞ്ചാബ് കിങ്സിനായി ഇന്ന് എട്ടാം സ്ഥാനത്ത് ഇറങ്ങിയ അശുതോഷ് കളി കൈവിട്ടെന്ന് പഞ്ചാബ് കരുതിയ സ്ഥലത്ത് നിന്നാണ് കളിയിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നത്.
193 എന്ന വലിയ റൺ ചെയ്സ് ചെയ്ത പഞ്ചാബ് 9.2 ഓവറിൽ 77-6 എന്ന നിലയിൽ ഇരിക്കെ ആയിരിന്നു അശുതോഷ് കളത്തിൽ എത്തിയത്. തുടക്കത്തിൽ ശശാങ്കിനൊപ്പവും അതു കഴിഞ്ഞ് ബ്രാറിന്റെ ഒപ്പവും വലിയ കൂട്ടുകെട്ടുകൾ പടുത്തായിരുന്നു അശുതോഷിന്റെ പോരാട്ടം.
തന്റെ ആദ്യ ഫിഫ്റ്റിയും അശുതോഷ് ഇന്ന് നേടി. ആകെ 28 പന്തിൽ നിന്ന് 61 റൺസ് ആണ് അശുതോഷ് അടിച്ചത്. 7 സിക്സും 2 ഫോറും അശുതോഷ് നേടി. ഇതിൽ ബുമ്രയെ ഒരു സ്വീപ്പിലൂടെ സിക്സ് അടിച്ചതും ഉൾപ്പെടുന്നു.
ഇതാദ്യമായല്ല അശുതോഷ് പഞ്ചാബിനായി നല്ല പ്രകടനം നടത്തുന്നത്. ഈ സീസണിൽ അവസരം കിട്ടിയപ്പോൾ എല്ലാം അശുതോഷ് തിളങ്ങിയിരുന്നു. ഗുജറാത്തിന് എതിരെ 17 പന്തിൽ നിന്ന് 31 റൺസ്. സൺ റൈസേഴ്സിന് എതിരെ 15 പന്തിൽ 33, രാജസ്ഥാന് എതിരെ 16 പന്തിൽ 31 റൺസ് എന്നിങ്ങനെ അശുതോഷ് സ്കോർ ചെയ്തിരുന്നു.
ഡൊമസ്റ്റിക് ക്രിക്കറ്റ് റെയിൽവേസിനായി കളിക്കവെ 11 പന്തിൽ അർധ സെഞ്ച്വറി അടിച്ച് യുവരാജിന്റെ 12 പന്തിൽ ഫിഫ്റ്റി എന്ന റെക്കോർഡ് തകർത്ത താരമാണ് അശുതോഷ്. 25കാരനായ താരത്തിന്റെ ഐ പി എൽ സീസണാണ് ഇത്.