ട്രാവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെയിന്‍റിച്ച് ക്ലാസ്സനും എയ്ഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൺ മല സൃഷ്ടിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. 277 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് നേടിയത്.
ട്രാവിസ് ഹെഡ് അടിച്ച് തകര്‍ത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയെ ന്യൂ ബോള്‍ എല്പിക്കാതിരുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. മയാംഗ് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 45 റൺസായിരുന്നു സൺറൈസേഴ്സ് 4.1 ഓവറിൽ നേടിയത്.
പിന്നീട് ഹെഡും അഭിഷേക് ശര്‍മ്മയും താണ്ഡവം ആടിയപ്പോള്‍ സൺറൈസേഴ്സിന് മുന്നിൽ മുംബൈ ബൗളിംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. ഹെഡിനെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കുമ്പോള്‍ താരം 24 പന്തിൽ 62 റൺസാണ് നേടിയത്. 9 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്.
പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശര്‍മ്മ 23 പന്തിൽ 63 റൺസ് നേടി 11ാം ഓവറിൽ പുറത്തായപ്പോള്‍ സൺറൈസേഴ്സ് 161/3 എന്ന നിലയിലായിരുന്നു. പകരം എത്തിയ എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ട് ടീമിനെ 15ാം ഓവറിൽ 200 കടത്തുകയായിരുന്നു.
നാലാം വിക്കറ്റിൽ ക്ലാസ്സന്‍ – മാര്‍ക്രം കൂട്ടുകെട്ട് 55 പന്തിൽ 116 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് കുതിച്ചുയര്‍ന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് 277 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ക്ലാസ്സന്‍ 34 പന്തിൽ 80 റൺസ് നേടിയപ്പോള്‍ 28 പന്തിൽ 42 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും പുറത്താകാതെ നിന്നു.