ഒരു ഘട്ടത്തിൽ 150 റൺസിന് മേലെ സ്കോര്‍ ചെയ്യുവാന്‍ പറ്റുമോ എന്ന തോന്നിപ്പിച്ച ഡൽഹി ക്യാപിറ്റൽസിനെ 174 റൺസിലേക്ക് എത്തിച്ച് അഭിഷേക് പോറെൽ. താരം 10 പന്തിൽ പുറത്താകാതെ 32 റൺസ് നേടിയപ്പോള്‍ അവസാന ഓവറിൽ ഹര്‍ഷൽ പട്ടേലിനെ 25 റൺസിന് പായിച്ച് ഡൽഹിയെ കരകയറ്റുന്ന കാഴ്ചയാണ് കണ്ടത്. റിക്കി ഭുയിയ്ക്ക് പകരം ഇംപാക്ട് പ്ലേയറായാണ് താരം എത്തിയത്.
33 റൺസ് നേടിയ ഷായി ഹോപ് ആണ് ഡൽഹി നിരയിലെ ടോപ് സ്കോറര്‍. വാര്‍ണറും മിച്ചൽ മാര്‍ഷും വേഗത്തിലുള്ള തുടക്കമാണ് ടീമിന് നൽകിയത്.
മാര്‍ഷ് 12 പന്തിൽ 20 റൺസ് നേടി പുറത്താകുമ്പോള്‍ 39 റൺസായിരുന്നു ടീം 3.2 ഓവറിൽ നേടിയത്. ഷായി ഹോപ് – ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് 35 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്തുവെങ്കിലും 21 പന്തിൽ 29 റൺസ് നേടിയ വാര്‍ണറെ ഹര്‍ഷൽ പട്ടേലാണ് പുറത്താക്കിയത്.
ഹോപ് പുറത്താകുമ്പോള്‍ 94/3 എന്ന നിലയിലായിരുന്നു ഡൽഹി. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ വേഗത്തിൽ മടങ്ങിയപ്പോള്‍ ഋഷഭ് പന്ത് തന്റെ മടങ്ങിവരവ് മത്സരത്തിൽ 18 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ സ്കോറിംഗ് വേഗതയുയര്‍ത്തുവാന്‍ ശ്രമിച്ച അക്സര്‍ പട്ടേൽ 13 പന്തിൽ 21 റൺസ് നേടി റണ്ണൗട്ടാകുകയായിരുന്നു.
19 ഓവറുകള്‍ പിന്നിടുമ്പോള്‍ 149/8 എന്ന നിലയിലായിരുന്ന ഡൽഹിയെ അവസാന ഓവറിൽ രണ്ട് സിക്സും മൂന്ന് ഫോറും പായിച്ചാണ് അഭിഷേക് പോറെൽ മുന്നോട്ട് നയിച്ചത്.