ഗോകുലം കേരള എഫ് സിയുടെ പുരുഷ വനിതാ ടീമുകൾ ഇന്ന് കളത്തിലിറങ്ങുന്നു. ഐലീഗിൽ ഇന്ന് വൈകിട്ട് 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മത്സരത്തിൽ പുരുഷ ടീം റിയൽ കാശ്മീർ എഫ് സിയെയും, ഐ ഡബ്ള്യു എല്ലിൽ വനിതകൾ വൈകിട്ട് 3 :30 നു ബംഗളുരുവിലെ, ബംഗളുരു ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് കിക്ക്സ്റ്റാർട് എഫ് സിയെയും നേരിടും.
ഐ ലീഗിൽ നിലവിൽ ഗോകുലം നാലാം സ്ഥാനത്തും റിയൽ കാശ്മീർ രണ്ടാം സ്ഥാനത്തുമാണ്. ലീഗിൽ വമ്പൻ തിരിച്ചുവരവ് നടത്തി രണ്ടാം സ്ഥാനത്തെത്തി നിൽക്കെ തുടർച്ചയായി രണ്ടു തോൽവികൾ നേരിട്ടതാണ് മലബാറിയന്സിന് വിനയായത്. ലീഗിലേക്ക് ഇനി തിരിച്ചു വരാൻ ഇന്ന് ജയിക്കുകയല്ലാതെ മറ്റു വഴിയില്ല. ലീഗിൽ ഏറ്റവും ഗോളുകൾ നേടിയ ടീമും(ഗോകുലം, 40 ) കുറച്ചു മാത്രം വഴങ്ങിയ ടീമും (റിയൽ കാശ്മീർ, 10 ) തമ്മിലുള്ള മത്സരം എല്ലാവരും ഉറ്റു നോക്കുന്ന ഒന്ന് കൂടെയാണ് . ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാവുന്നതാണ്.വനിതകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് പ്രത്യേകം നിരക്കുണ്ട്.
ഐ ഡബ്ള്യു എല്ലിൽ കിരീട പോരാട്ടം കടുക്കുമ്പോൾ കിക്ക് സ്റ്റാർട്ട് എഫ് സിയെ തോൽപ്പിച്ച് ഒന്നാം സ്ഥാനെത്തെത്തുക തന്നെയാണ് ഗോകുലം വിമെൻസിന്റെയും ലക്ഷ്യം. നിലവിൽ ഒഡിഷ എഫ് സിക്ക് താഴെ രണ്ടാം സ്ഥാനക്കാരാണ് ഗോകുലം. വിദേശ താരം ഫസീല ഇക്വപുട് മിന്നും ഫോമിലാണ് എന്നത് ടീമിന് നൽകുന്ന ഊർജ്ജം ചെറുതല്ല. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാവുന്നതാണ്.