ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ ലഖ്നൗ സൂപ്പർ ജയന്റ്സ് വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ രാഹുൽ ഒരു ജേഴ്‌സി കൈമാറികൊണ്ട് പൂരനെ വൈസ് ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല എങ്കിൽ സീസൺ തുടക്കത്തിൽ പൂരനാകും ലഖ്നൗവിനെ നയിക്കുക.
2023-ൽ 16 കോടി രൂപയ്ക്ക് ആയിരുന്നു ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പൂരനെ സ്വന്തമാക്കിയത്. അതിനു മുമ്പ് പഞ്ചാബിനും ഹൈദരാബാദിനുമായി ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ എൽഎസ്ജിക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ചു, 172.94 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറികളോടെ 358 റൺസ് നേടി. ദേശീയ ടീമിലുൾപ്പെടെ വിവിധ ടീമുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇതാദ്യമായാണ് ഒരു ഐപിഎൽ ടീമിൽ വൈസ് ക്യാപ്റ്റൻ എങ്കിലും ആകുന്നത്. കഴിഞ്ഞ സീസണുകളിൽ ക്രുണാൽ പാണ്ഡ്യ ആയിരുന്നു ലഖ്നൗവിന്റെ വൈസ് ക്യാപ്റ്റൻ.