അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യും ഇന്ത്യ സ്വന്തമാക്കി. അഫ്ഗാൻ ഉയർത്തിയ 173 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 16ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി. യശസ്വി ജയ്സ്വാളിന്റെയും ശിവം ദൂബെയുടെയും തകർപ്പൻ ഇന്നിങ്സുകൾ ആണ് ഇന്ത്യക്ക് കരുത്തായത്.
ഓപ്പണർ ആയി വന്ന ജയ്സ്വാൾ 34 പന്തിൽ നിന്ന് 68 റൺസ് എടുത്തു. 6 സിക്സും 5 ഫോറും ജയ്സ്വാളിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ശിവം ദൂബെ ആകട്ടെ 32 പന്തിൽ 63 റൺസും എടുത്തു. ദൂബെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഫിഫ്റ്റി അടിച്ചത്. 21 പന്തിലേക്ക് തന്നെ അദ്ദേഹം 50ൽ എത്തിയിരുന്നു. 4 സിക്സും 5 ഫോറും ദൂബെയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഡക്കിൽ പുറത്തായിരുന്നു. കോഹ്ലി 16 പന്തിൽ 29 റൺസ് എടുത്തും പുറത്തായി. വിക്കറ്റ് കീപ്പർ ജിതേഷും ഡക്കിൽ പുറത്തായി. റിങ്കു 9 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 172 റൺസ് എടുത്തിരുന്നു. 20 ഓവറിൽ 172ന് ഓളൗട്ട് ആവുകയായിരുന്നു. തുടക്കത്തിൽ തന്നെ അവർക്ക് 14 റൺസ് എടുത്ത ഗുർബാസിനെയും 8 റൺസ് എടുത്ത സദ്രാനെയും നഷ്ടമായി. ഗുൽബദിൻ ആണ് അഫ്ഗാന്റെ ഇന്നത്തെ ടോപ് സ്കോറർ ആയത്.
35 പന്തിൽ നിന്ന് അദ്ദേഹം 57 റൺസ് എടുത്തു. 4 സിക്സും 5 ഫോറും അദ്ദേഹം അടിച്ചു. വേറെ ആർക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. അവസാനം നജീബുള്ളയുടെ 21 പന്തിൽ 23 റൺസ്, 10 പന്തിൽ 24 റൺസ് എടുത്ത ജന്നത്, 9 പന്തിൽ 21 റൺസ് എടുത്ത മുജീബ് എന്നിവർ അഫ്ഗാന് മികച്ച സ്കോർ നൽകി. ഇന്ത്യക്ക് ആയി അർഷ്ദീപ് 3 വിക്കറ്റും രവി ബിഷ്ണോയിയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദൂബെ ഒരു വിക്കറ്റും നേടി.