ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്മസ് ഈവിൽ പരാജയപ്പെട്ടു ചെൽസി. സ്വന്തം മൈതാനത്ത് ഉഗ്രൻ ഫോമിലുള്ള വോൾവ്സ് ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് പോച്ചറ്റീന്യോയുടെ ടീമിനെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ ലഭിച്ച സുവർണ അവസരം റഹീം സ്റ്റെർലിങ് പാഴാക്കിയപ്പോൾ ഇരു പകുതികളിലും ആയി ലഭിച്ച രണ്ടു മികച്ച അവസരങ്ങൾ നിക്കോളാസ് ജാക്സനും പാഴാക്കി. ഇടക്ക് വോൾവ്സിന് ലഭിച്ച അവസരം ഗോൾ ആക്കി മാറ്റാൻ ഗോമസിനും ആയില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെമിനയുടെ ഉഗ്രൻ ഹെഡർ ചെൽസി ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും 51 മത്തെ മിനിറ്റിൽ സറാബിയയുടെ കോർണറിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ലെമിന വോൾവ്സിന് മത്സരത്തിൽ മുൻതൂക്കം നൽകി.
തുടർന്ന് സമനിലക്ക് ആയി ചെൽസി അവസരങ്ങൾ തുറന്നപ്പോൾ ഇടക്ക് വോൾവ്സ് നീക്കങ്ങളും അപകടകരമായി. ഇഞ്ച്വറി സമയത്ത് ഒരു കൗണ്ടർ അറ്റാക്കിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ പകരക്കാരൻ മാറ്റ് ഡോഹർട്ടി വോൾവ്സിന് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ സ്റ്റെർലിങിന്റെ ക്രോസിൽ നിന്നു ഗോൾ നേടിയ പകരക്കാരൻ ക്രിസ്റ്റഫർ എങ്കുങ്കു ചെൽസിക്ക് പ്രതീക്ഷ നൽകിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ചെൽസിക്ക് ഒപ്പം എത്താൻ ഈ ജയത്തോടെ വോൾവ്സിന് ആയി. നിലവിൽ ചെൽസി പത്തും വോൾവ്സ് പതിനൊന്നും സ്ഥാനത്ത് ആണ്.