ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത്. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ലിവർപൂൾ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് 2-1ന്റെ വിജയം നേടിയത്. 1-0ന്റെ ലീഡിൽ ഇരിക്കെ പാലസിന്റെ താരം ജോർദൻ അയു ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതാണ് കളി മാറ്റിയത്.
ഇന്ന് ക്രിസ്റ്റ്യൽ പാലസിനെതിരെ മികച്ച ആക്രമണങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. പന്ത് കൈവശം വെച്ചു എങ്കിലും ഗോളിലേക്ക് ഒരു ഷോട്ട് തൊടുക്കാൻ ലിവർപൂളിനായില്ല. അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയിരുന്നില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ പാലസ് ലീഡ് എടുത്തു. മറ്റേറ്റ ആണ് പെനാൾട്ടിയിലൂടെ അലിസണെ കീഴ്പ്പെടുത്തിയത്. കാര്യങ്ങൾ എല്ലാം പാലസിന് അനുകൂലമായി പോകവെ ആണ് 75ആം മിനുട്ടിൽ ജോർദൻ അയു രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തു പോകുന്നത്. ഇതോടെ ക്രിസ്റ്റൽ പാലസ് പത്തുപേരായി ചുരുങ്ങി.
തൊട്ടടുത്ത മിനുട്ടിൽ മൊ സലായിലൂടെ ലിവർപൂൾ സമനില കണ്ടെത്തി. സലായുടെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ആണ് വലയിൽ കയറിയത്. സലായുടെ ലിവർപൂളിനായുള്ള അമ്പതാം ഗോളായിരുന്നു ഇത്.
91ആം മിനുട്ടിൽ ലിവർപൂൾ ഹാർവി എലിയറ്റിലൂടെ ലീഡ് നേടി. ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു എലിയറ്റിന്റെ ഫിനിഷ്. ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് ലിവർപൂലിന് ഉള്ളത്.