പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ന്യൂകാസിൽ. ആന്റണി ഗോർഡൻ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ന്യൂകാസിൽ. യുനൈറ്റഡ് ആവട്ടെ മോശം ഫോമിൽ തന്നെയെന്ന് വീണ്ടും തെളിയിച്ചു.
സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ന്യൂകാസിലിന് ഏതു നിമിഷവും ലീഡ് നേടുമെന്ന പ്രതീതി സൃഷ്ടിക്കാൻ ആയെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം ആയില്ല. 39ആം മിനിറ്റിലെ ട്രിപ്പിയറുടെ ഫ്രീകിക്കിൽ പോസ്റ്റിലിടിച്ചു മടങ്ങിയതായിരുന്നു ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്ന്. ഇസാക്കിനും ആൽമിറോണിനും ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഗാർണച്ചോയുടെ ഷോട്ട് നിക് പോപ്പ് തടുത്തു.
മഗ്വയറുടെയും ലൂക്ക് ഷോയുടെയും ഇടപെടലുകൾ പാലപ്പൊഴും യുണൈറ്റഡിന്റെ തുണക്കെത്തി. എന്നാൽ 56ആം മിനിറ്റിൽ ന്യൂകാസിൽ ലീഡ് നേടുക തന്നെ ചെയ്തു. ട്രിപ്പിയർ പോസ്റ്റിന് മുന്നിലേക്ക് നൽകിയ പന്ത് വലയിൽ എത്തിച്ച് ഗോർഡോനാണ് ലീഡ് കണ്ടെത്തിയത്. യുവതാരം മിലെയുടെ ഷോട്ട് വാൻ ബിസാക തടുത്തു. റെഗുലിയോണിന്റെ ഷോട്ട് ഷാർ പോസ്റ്റിന് മുന്നിൽ തടുത്തെങ്കിലും ക്ലിയർ ചെയ്യാൻ വേണ്ടി ഡൈവ് ചെയ്ത കീപ്പർ നിക് പോപ്പിന് പരിക്കേറ്റത് ന്യൂകാസിലിന് തിരിച്ചടി ആയി. താരം ഉടൻ തിരിച്ചു കയറി. പിന്നീട് യുനൈറ്റഡിന് ആന്റണിയിലൂടെ വല കുലുക്കാൻ സാധിച്ചെങ്കിലും മഗ്വയർക്ക് നേരെ ഓഫ്സൈഡ് കൊടി ഉയർന്നത് തിരിച്ചടി ആയി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി യുനൈറ്റഡ് കൂടുതൽ ഊർജത്തോടെ കളിച്ചെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു.