മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്രതീക്ഷകൾ അവസാനിക്കുകയാണ്. ഇന്ന് വിജയം അത്യാവശ്യമായിരുന്ന ഗലറ്റസറെക്ക് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങി. 3-3 എന്ന സമനില ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. ഒരു ഘട്ടത്തിൽ 3-1ന് മുന്നിൽ നിന്നിരുന്ന യുണൈറ്റഡിന് ഈ സമനില ഒരു പരാജയം പോലെ തന്നെ ആകും തോന്നിപ്പിക്കുക.
ഇന്ന് തുർക്കിയിൽ ഒരു ആവേശ പോരാട്ടം ആണ് കാണാൻ ആയത്. ഗാലറ്റസറെയെ വിറപ്പിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ 18 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 11ആം മിനുട്ടിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച ഗർനാചോയുടെ നല്ല ഫിനിഷ് ആയിരുന്നു യുണൈറ്റഡിന് ലീഡ് നൽകിയത്. അധികം വൈകാതെ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ലോകോത്തര ഫിനിഷ് യുണൈറ്റഡിനെ 2-0ന് മുന്നിൽ എത്തിച്ചു.
കളി യുണൈറ്റഡ് കൊണ്ടുപോകും എന്ന് തോന്നിപ്പിച്ച സമയത്ത് ഒനാനയുടെ ഒരു അബദ്ധം ഗലറ്റസറെയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സിയെചിന്റെ ഫ്രീകിക്കിന്റെ ഗതി ജഡ്ജ് ചെയ്യാൻ ഒനാനയ്ക്ക് ആയില്ല. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിലെ മക്ടോമിനെയുടെ ഗോൾ യുണൈറ്റഡിനെ 3-1ന് മുന്നിൽ എത്തിച്ചു. വീണ്ടും രണ്ടു ഗോളിന്റെ ലീഡ്. ഒനാനയുടെ മറ്റൊരു അബദ്ധം തുർക്കി ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 62ആം മിനുട്ടിൽ സിയെചിന് മുന്നിലായിരുന്നു ഒനാന വീണ്ടും പരാജയപ്പെട്ടത്. സ്കോർ 2-3.
71ആം മിനുറ്റിൽ അക്റ്റുർ കാഗ്ലുവിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ഒനാനയെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തുക കൂടെ ചെയ്തതോടെ തുർക്കി ടീം സമനില കണ്ടെത്തി. സ്കോർ 3-3. വിജയം നിർബന്ധമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല. ഗോൾ എന്ന് ഉറപ്പിച്ച പല അവസരങ്ങളും യുണൈറ്റഡ് അറ്റാക്കിങ് താരങ്ങൾക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. അവസാനം അവർ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു..
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗ്രൂപ്പിൽ ഇപ്പോഴും അവസാന സ്ഥാനത്ത് നിർത്തുകയാണ്. ഇനി അത്ഭുതം നടക്കേണ്ടി വരും യുണൈറ്റഡ് ഇനി നോക്കൗട്ട് റൗണ്ടിലേക്ക് എത്താൻ.