ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ലക്ഷ്യം 213 റൺസായിരുന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല ഓസ്ട്രേലിയന്‍ വിജയം. ഓസ്ട്രേലിയയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും 47.2 ഓവറിൽ ടീം 3 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ട്രാവിസ് ഹെഡ് നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം ജോഷ് ഇംഗ്ലിസും സ്റ്റീവന്‍ സ്മിത്തും നിര്‍ണ്ണായക ബാറ്റിംഗ് കാഴ്ചവെച്ചു.
ഓപ്പണര്‍ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 6.1 ഓവറിൽ 60 റൺസ് നേടിയെങ്കിലും 29 റൺസ് നേടിയ വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ഓസ്ട്രേലിയയ്ക്ക് മിച്ചൽ മാര്‍ഷിനെ പൂജ്യത്തിന് നഷ്ടമായി. 61/2 എന്ന നിലയിൽ നിന്ന് ഹെഡ് -സ്മിത്ത് കൂട്ടുകെട്ട് 45 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും 62 റൺസ് നേടിയ ഹെഡിനെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.
മാര്‍നസ് ലാബൂഷാനെയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും തബ്രൈസ് ഷംസി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിൽ പ്രതീക്ഷ പുലര്‍ന്നു. 137/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ ഈ ഘട്ടത്തിൽ. അവിടെ നിന്ന് സ്മിത്തും ജോഷ് ഇംഗ്ലിസുമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്.
ഓസ്ട്രേലിയ വിജയത്തിന് 39 റൺസ് അകലെ എത്തിയപ്പോള്‍ 30 റൺസ് നേടിയ സ്റ്റീവ് സ്മത്ത് പുറത്താകുകയായിരുന്നു. 37 റൺസാണ് ജോഷ് ഇംഗ്ലിസും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 28 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെയും ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 7ാം വിക്കറ്റ് നഷ്ടമായി. വിജയത്തിനായി 20 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.
സ്റ്റാര്‍ക്ക് 16 റൺസും കമ്മിന്‍സ് 14 റൺസും നേടിയപ്പോള്‍ നിര്‍ണ്ണായകമായ 22 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.