ട്രാൻസ്ഫർ നീക്കങ്ങളിൽ ശക്തമായി ഇടപെടാൻ പ്രിമിയർ ലീഗ് ടീമുകളുടെ നീക്കം. ഒരേ ഉടമകളുള്ള ടീമുകൾ തമ്മിലുള്ള താര കൈമാറ്റത്തിന് നിയന്ത്രണം കൊണ്ടു വരാണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. ഇതിന് വേണ്ടി പ്രിമിയർ ടീമുകളുടെ അടുത്ത മീറ്റിങ് നടക്കുന്ന നവംബർ 21ന് വോട്ടിങ് നടത്തുമെന്ന് ഡേവിഡ് ഓയിൻസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഭൂരിഭാഗം ക്ലബ്ബുകളുടെ തീരുമാനം അനുകൂലമാകുന്ന പക്ഷം ഈ ജനുവരിയിൽ ഒരേ ഉടമകൾ ഉള്ള ക്ലബ്ബുകൾ തമ്മിലുള്ള താര കൈമാറ്റത്തിന് വിലങ്ങു വീണേക്കും.
ഇത് ന്യൂകാസിൽ അടക്കമുള്ള ടീമുകളെ ഉന്നം വെച്ചാണ് എന്നാണ് സൂചന. ഈ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മാത്രമാണ് ഇത്തരം നിയന്ത്രണങ്ങൾ ടീമുകൾ ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ സൗദി ടീമുകളിൽ നിന്നും താരങ്ങളെ എത്തിക്കുന്നത് തടയാൻ ആണ് ഇത്തരമൊരു നീക്കം. സസ്‌പെൻഷൻ ലഭിച്ച സാൻഡ്രോ ടോണാലിക്ക് പകരം ന്യൂകാസിൽ ഉന്നം വെച്ചിരിക്കുന്ന താരങ്ങളിൽ ഒരാൾ പോർച്ചുഗീസ് താരം റൂബൻ നേവസ് ആണെന്ന സൂചന ഉണ്ട്. താരത്തെ സീസണിലേക്ക് അൽ ഹിലാലിൽ നിന്നും ലോണിൽ എത്തിക്കാൻ ആവും നീക്കം.
മാത്രവുമല്ല ഡിഫെൻസിവ് മിഡ്ഫീല്ഡർ സ്ഥാനത്ത് മറ്റനവധി അനുഭവസമ്പന്നരായ മികച്ച താരങ്ങളും സൗദി ലീഗിൽ ഉണ്ട്. അവരെല്ലാം ന്യൂകാസിലിന്റെ മുഖ്യ ഉടമകൾ ആയ പിഐഎഫിന്റെ കീഴിൽ തന്നെയാണ് വരുന്നതും. എന്നാൽ മാഗ്പീസിന് മാത്രമല്ല സിറ്റി, ആഴ്‌സനൽ അടക്കമുള്ള ടീമുകൾക്കും സഹോദര ക്ലബ്ബുകൾ ഉള്ള കാര്യം ഈ ആരോപണത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഇത്തരമൊരു നീക്കം നടക്കുന്നതായി ന്യൂകാസിൽ സ്പോർട്സ് ഡയറക്ടർ ഡാൻ ആഷ്വർത്ത് സൂചിപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നതും.