കോഴിക്കോട് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം കേരളക്ക് സമനില തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ കാശിയുമായാണ് ഗോകുലം പോയിന്റ് പങ്കു വെച്ചത്. രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. സാഞ്ചസ്, നൗഫൽ എന്നിവർ ഗോകുളത്തിന്റെ ഗോൾ നേടിയപ്പോൾ ലാൽറിന്റിക, ആസിഫ് ഖാൻ എന്നിവർ ഇന്റർ കാശിക്ക് വേണ്ടിയും വല കുലുക്കി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഗോകുലം ലീഡ് എടുത്തു. ബോക്‌സിന്റെ വലത് ഭാഗത്ത് നിന്നും ശ്രീകുട്ടൻ നൽകിയ പാസ് ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് അനായാസം വലയിലേക്ക് തട്ടിയിട്ടു. സാഞ്ചസിനെ മറ്റൊരു മികച്ചൊരു ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. 29ആം മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ നേടി. മാരിയോ വിലർ പൊസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ഒന്ന് ടച്ച് ചെയ്യേണ്ട ചുതലയെ ജോർദാൻ ലമേലക്ക് ഉണ്ടായിരുന്നുള്ളൂ. കോർണറിൽ നിന്നും അമിനോ ബോബയുടെ ഹെഡർ ശ്രമം പൊസിറ്റിലിടിച്ചു മടങ്ങി. ഇന്ററിന്റെ പീറ്റർ ഹാക്കിയുടെ ഹെഡർ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയിലും ഇരു ടീമുകളും ഒരു പോലെ മുന്നേറ്റം തുടർന്നു. 54ആം മിനിറ്റിൽ ഗോകുലം ലീഡ് തിരിച്ചു പിടിച്ചു. പിറകിൽ നിന്നെത്തിയ ലോങ് ബോൾ നൗഫൽ മുന്നോട്ട് കയറി വന്ന കീപ്പർക്ക് മുകളിലൂടെ വലയിലേക്ക് എത്തിച്ചു. ഇതോടെ ഇന്റർ സമനില ഗോളിനായി നീക്കം തുടങ്ങി. ജോർഡൻ ലമേലയുടെ തകർപ്പൻ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ഗോകുലം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്നും മാർക്കോ വിഡാൽ ഉയർത്തി നൽകിയ പന്ത് കൈകലാക്കുന്നതിൽ കീപ്പർക്ക് പിഴച്ചപ്പോൾ അവസരം മുതലെടുത്തു ആസിഫ് ബോൾ വലയിലേക്ക് തട്ടിയിട്ടു. ഇതോടെ ഗോകുലത്തിന്റെ പുതിയ സീസൺ സമനിലയോടെ ആരംഭം കുറിച്ചു














