ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് വിജയം നേടി ശ്രീലങ്ക. ഇന്ന് ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസ് എന്ന വിജയ ലക്ഷ്യം വെറും 25 ഓവറിൽ ശ്രീലങ്ക മറികടന്നു. അവർക്ക് രണ്ട് വിക്കറ്റ് മാത്രമെ നഷ്ടമായുള്ളൂ. അർധ സെഞ്ച്വറി നേടിയ നിസങ്കയും സമരവിക്രമയും ആണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. സമരവിക്ര പുറത്താകാതെ 65 റൺസും, നിസങ്ക പുറത്താകാതെ 77 റൺസും നേടി. 4 റൺസ് നേടിയ കുശാൽ പെരേരയും 11 റൺസ് നേടിയ കുശാൽ മെൻഡിസും ആണ് പുറത്തായത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 156 റണ്ണിന് ഓളൗട്ട് ആയി. ശ്രീലങ്കയുടെ മികച്ച ബൗളിംഗിന് മുന്നിൽ 33.2 ഓവർ മാത്രമേ ഇംഗ്ലണ്ടിന് പിടിച്ചു നിൽക്കാൻ ആയുള്ളൂ. ടീമിലേക്ക് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആഞ്ചലോ മാത്യൂസ് മികച്ച ബൗളിംഗ് പ്രകടനം ഇന്ന് കാഴ്ചവെച്ചു. 5 ഓവർ എറിഞ്ഞ ആഞ്ചലോ മാത്യൂസ് 14 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ 43 റൺസ് എടുത്ത ബെൻ സ്റ്റോക്സ് മാത്രമാണ് തിളങ്ങിയത്. 30 റൺസ് എടുത്ത ബെയർസ്റ്റോയും 28 റൺസ് എടുത്ത ദേവിദ് മലനും ഭേദപ്പെട്ട തുടക്കം നൽകി എങ്കിലും ആ തുടക്കം വലിയ കൂട്ടുകെട്ട് ആയി മാറിയില്ല. റൂട്ട് (3), ബട്ലർ (8), ലിവിങ്സ്റ്റോൻ (1), മൊയീൻ അലി (15), ക്രിസ് വോക്സ് (0) എന്നിവർ നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്ക് ആയി ആഞ്ചലോ മാത്യൂസിനെ കൂടാതെ കസുൻ രജിതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലഹിരു കുമാര 3 വിക്കറ്റുമായും മികച്ചു നിന്നു.