എതിരില്ലാത്ത നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കി കൊണ്ട് ന്യൂകാസിൽ പ്രിമിയർ ലീഗിൽ വീണ്ടും വിജയപാതയിൽ. മുർഫി, ഗോർഡോൺ, ലോങ്സ്റ്റാഫ്, വിൽസൻ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. നേരത്തെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹമുമായി എഡി ഹോവും സംഘവും സമനിലയിൽ കുരുങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ വീണ്ടും ഫോം വീണ്ടെടുക്കാൻ അവർക്കായി. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ന്യൂകാസിൽ. ക്രിസ്റ്റൽ പാലസ് പത്താമതാണ്.
നാലാം മിനിറ്റിൽ തന്നെ പന്ത് വലയിൽ എത്തിച്ച് ന്യൂകാസിൽ വരാനുള്ളതിന്റെ സൂചന നൽകി. ട്രിപ്പിയർ നൽകിയ പന്ത് സ്വീകരിച്ച് മുർഫി ക്രോസ് എന്നവണ്ണം പോസ്റ്റിന് മുന്നിലേക്ക് ഉയർത്തി നൽകിയ ബോൾ കീപ്പർക്ക് പിടി കൊടുക്കാതെ വലയിലേക്ക് പതിക്കുകയായിരുന്നു. നീക്കത്തിൽ ഓഫ്സൈഡ് മണമുണ്ടായിരുന്നതിനാൽ വാർ ചെക്കിന് ശേഷം ഗോൾ അനുവദിച്ചു. ന്യൂകാസിലിന്റെ സമ്പൂർണ ആധിപത്യമായിരുന്നു തുടർന്ന് അങ്ങോട്ട്. ഇടക്ക് എഡ്വാർഡിലൂടെയും മിച്ചലിലൂടെയും ക്രിസ്റ്റൽ പാലസ് നടത്തിയ ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല. ലോങ്സ്റ്റാഫിന്റെ പാസിൽ വിൽസണിന് വല കുലുക്കാൻ സാധിച്ചില്ല. മുർഫിയുടെ ക്രോസ് കീപ്പർ തട്ടിയക്കറ്റിയപ്പോൾ ലഭിച്ച അവസരത്തിൽ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തെത്തിക്കുന്നതിൽ ഗോർഡോനും പിഴച്ചു. 44ആം മിനിറ്റിൽ മുർഫിയുടെ തകർപ്പൻ ഒരു ക്രോസ് വലയിൽ എത്തിച്ചു കൊണ്ട് ഒടുവിൽ ഗോർഡോൺ വലകുലുക്കുക തന്നെ ചെയ്തു. ഇഞ്ചുറി ടൈമിൽ ലോങ്സ്റ്റാഫും ലക്ഷ്യം കണ്ടു. ട്രിപ്പിയറുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ ഗ്വെഹിക്ക് പിഴച്ചപ്പോൾ അവസരം മുതലെടുത്തു താരം അനായാസം വല കുലുക്കി.
രണ്ടാം പകുതിയിലും മത്സര ഗതിയിൽ മാറ്റമുണ്ടായില്ല. ഗോർഡോന് ലഭിച്ച മികച്ചൊരു അവസരം കീപ്പർ തടുത്തു. 66ആം മിനിറ്റിൽ വിൽസൻ ന്യൂകാസിലിന്റെ പട്ടിക തികച്ചു. വലത് വിങ്ങിൽ നിന്നും ബോക്സിന് മുൻപിലേക്ക് മുർഫി നീട്ടി നൽകിയ പാസ് വിൽസൻ അനായാസം വലയിൽ എത്തിക്കുകയായിരുന്നു. 84ആം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ഗോളിന് അടുത്തെത്തിയെങ്കിലും എഡ്വെർഡിന്റെ തകർപ്പൻ ഫ്രീകിക്ക് നിക് പോപ്പ് തട്ടിയകറ്റി. അവസാന നിമിഷം റാക്-സാക്കിയുടെ ശ്രമവും പോപ്പ് തടഞ്ഞു.