അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഖത്തർ സ്വപ്നങ്ങൾക്ക് അവസാനം. ഖത്തറിന്റെ അവസാന ബിഡും ഗ്ലേസേഴ്സ് നിരസിച്ചതോടെ ബിഡിംഗ് പ്രോസസിൽ നിന്ന് പിന്മാറുകയാണ് എന്ന് ഖത്തർ ഗ്രൂപ്പ് ഗ്ലേസേഴ്സിനെ അറിയിച്ചു. ഇന്ന് ഫബ്രിസിയോ റൊമാനോ തന്നെ ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകി. ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമാകും.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനായി അഞ്ചോളം ബിഡുകൾ ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചിരുന്നു. ഒന്ന് പോലും ഗ്ലേസേഴ്സ് അംഗീകരിച്ചില്ല. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയാണ് ബിഡ് വഴി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി ഗ്ലേസേഴ്സിന് മുന്നിൽ സമർപ്പിച്ചത്.
കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതായിരുന്നു.
ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറഞ്ഞിരുന്നു. മുഴുവൻ ബിഡ് തുകയും പണമായി നൽകാനും ഖത്തർ ഗ്രൂപ്പ് തയ്യാറായിരുന്നു. ഖത്തർ വന്നാൽ ക്ലബ് പഴയ പ്രതാപത്തിൽ എത്തും എന്ന് കരുതിയ യുണൈറ്റഡ് ആരാധകർക്ക് ആകും പുതിയ വാർത്ത ഏറ്റവും നിരാശ നൽകുക.