ഓസ്ട്രേലിയയെ 6 വിക്കറ്റിനു തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ലോകകപ്പ് തുടങ്ങി. ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ അപ്രതീക്ഷിത തുടക്കമാണ് ലഭിച്ചത്, എങ്കിലും കരുതലോടെ ബാറ്റു ചെയ്ത വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചു. 42 ഓവറിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.
ഓസ്ട്രേലിയ ഉയർത്തിയ 200 എന്ന ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ ആദ്യ 2 ഓവർ കഴിഞ്ഞപ്പോൾ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഡക്കിൽ പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഡക്കിൽ വീണു.
ഇഷൻ കിഷൻ ആദ്യം സ്റ്റാർകിന്റെ പന്തിൽ ഗ്രീനിനു ക്യാച്ച് നൽകി മടങ്ങി. ഹേസൽവുഡ് എറിഞ്ഞ അടുത്ത ഓവറിൽ രോഹിത് ബൗൾഡ് ആവുകയും ശ്രേയസ് അയ്യർ വാർണറിന് ക്യാച്ച് നൽകുകയും ചെയ്തു. ഇതോടെ ഇന്ത്യ 2-3 എന്ന നിലയിൽ ആയി. ആദ്യ രണ്ട് റണ്ണും എക്സ്ട്രയിൽ ആയിരുന്നു വന്നത്.
അവിടെ നിന്നായി കോഹ്ലിയും കെ എൽ രാഹുലും രക്ഷാപ്രവർത്തനം നടത്തിയത്. കോഹ്ലി 8 റണ്ണിൽ നിൽക്കെ മിച്ചൽ മാർഷ് ഒരു ക്യാച് മിസ്സാക്കിയത് ഇന്ത്യക്ക് സഹായകമായി. ഇതിനു ശേഷം ഇരു താരങ്ങളും ഒരു അവസരവും നൽകാതെ മികച്ച രീതിയിൽ ബാറ്റു ചെയ്തു.
കോഹ്ലി 116 പന്തിൽ നിന്ന് 85 റൺസ് എടുത്തു. 6 ഫോറ, അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. കോഹ്ലിയെ ഹേസൽവുഡ് ആണ് പരാജയപ്പെടുത്തിയത്. പിന്നീട് ഹാർദികും രാഹുലും ചേർന്ന് 42ആം ഓവറിൽ വിജയം പൂർത്തിയാക്കി.
രാഹുൽ 115 പന്തിൽ നിന്ന് 97 റൺസ് എടുത്തു പുറത്താകാതെ നിന്നു. 8 ഫോറും 2 സിക്സും അദ്ദേഹത്തിന്റെ ഇന്നിംസ്ഗിൽ ഉണ്ടായിരുന്നു. ഹാർദിക് 11 റൺസ് എടുത്തും ക്രീസിൽ നിന്നു.
ഇന്ന് ചെന്നൈയിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 199 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കിയിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനുള്ള ഇന്ത്യൻ നീക്കം വിജയിക്കുന്നതാണ് ഇന്ന് കണ്ടത്. ഓസ്ട്രേലിയയുടെ 6 പ്രധാന വിക്കറ്റുകൾ സ്പിന്നിലാണ് വീണത്.
ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മാർഷിനെ നഷ്ടമായി. ബുമ്ര ആണ് മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കിയത്. അതിനു ശേഷം സ്മിത്തും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം നൽകി. 74 റൺസിൽ നിൽക്കെ ആണ് ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്.
41 റൺസ് എടുത്ത വാർണറിനെ ജഡേജ വീഴ്ത്തി. ഇതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് പതറാൻ തുടങ്ങി. അധികം വൈകാതെ കുൽദീപിന്റെ പന്തിൽ സ്മിത്ത് (46) മടങ്ങി. 27 റൺസ് എടുത്ത ലബുഷാനെയും റൺ ഒന്നും എടുക്കാതെ കാരെയും ജഡേജയ്ക്ക് വിക്കറ്റ് നൽകി.
15 റൺസ് എടുത്ത മാക്സ്‌വെലിന്റെ കുൽദീപ് ബൗൾഡ് ആക്കിയപ്പോൾ, ഗ്രീൻ അശ്വിന്റെ പന്തിൽ ഹാർദികിന് ക്യാച്ച് നൽകി. 15 റൺസ് എടുത്ത കമ്മിൻസ് ടീമിനെ 200നു മുകളിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ബുമ്രയുടെ പന്തിൽ അദ്ദേഹം മടങ്ങി. സ്റ്റാർക് അവസാനം വരെ നിന്ന് 199 വരെ എത്തിച്ചു. ഹാർദ്ദികും സിറാജും അവസാനം ഒരോ വിക്കറ്റ് വീഴ്ത്തി.
കുൽദീപ് 10 ഒവറിൽ 42/2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ജഡേജ 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അശ്വിൻ 10 ഓവറിൽ 34 റൺസ് നൽകി 1 വിക്കറ്റും, ബുമ്ര 10 ഓവറിൽ 35 റൺസ് നൽകി 2 വിക്കറ്റും വീഴ്ത്തി.
Score Summary:
Australia 199/10 (49.3over)
Smith 46, Warner 41
Jadeja 3/28, Bumrah 2/35