ലിവർപൂൾ – ടോട്ടനം മത്സരത്തിലെ റഫറിയിങ്ങിലെ പിഴവ് തീർത്ത അലയൊലികൾ തീരുന്നില്ല. ഈ പ്രശ്നത്തിൽ ഏറ്റവും ന്യായമായ പരിഹാരം മത്സരം വീണ്ടും നടത്തുന്നത് ആയിരിക്കുമെന്ന് ക്ലോപ്പ് അഭിപ്രായപ്പെട്ടു. യൂറോപ്പ മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. “പലരും എന്നിൽ നിന്നും ഇത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ പരിശീലകൻ എന്ന നിലയിൽ അല്ല, ഒരു സാധാരണ ഫുട്ബോൾ പ്രേമി എന്ന നിലയിൽ പറയുന്നു, ഈ പ്രശ്നത്തിനുള്ള ഏറ്റവും ന്യായമായ പരിഹാരം മത്സരം വീണ്ടും നടത്തുന്നതാണ്. എന്നാൽ അത് സംഭവിക്കാൻ സാധ്യത ഇല്ലെന്ന് തനിക്ക് അറിയാം. കാരണം ഇത് വരെ അങ്ങനെ ഒന്ന് സംഭിച്ചിട്ടില്ല എന്നത് തന്നെ”, ക്ലോപ്പ് പറഞ്ഞു. ഒരു പക്ഷെ അങ്ങനെ ഒരു കീഴ്വഴക്കം തുടങ്ങിയാൽ എല്ലാവരും റീ മാച്ച് ആഹ്വാനവുമായി മുന്നോട്ടു വരും എന്നതും ഒരു കാരണമാണെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു.
ഡിയാസിന്റെ ഗോൾ “വാർ” പരിശോധനക്ക് ശേഷവും ഓഫ്സൈഡ് ആയി തുടരുന്നതാണ് വിവാദമായത്. എന്നാൽ ഈ കാര്യത്തിൽ റഫറി അടക്കമുള്ളവർ അറിഞ്ഞു കൊണ്ട് വരുത്തിയ പിഴവ് അല്ല ഇതെന്ന് ക്ലോപ്പ് ചൂണ്ടിക്കാണിച്ചു. പക്ഷെ ഇത്തരം പ്രശ്നങ്ങൾക്ക് ഭാവിയിൽ പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഫറിമാരുടേതായി പുറത്തു വിട്ട ഓഡിയോ ക്ലിപ്പും സ്ഥിതിയിൽ യാതൊരു മാറ്റവും വരുത്താൻ പോന്നതല്ലെന്ന് ക്ലോപ്പ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ തനിക്ക് ആർക്കു നേരെയും ദേഷ്യമില്ലെന്നും, പിഴവ് വരുത്തിയവർക്ക് വലിയ കുറ്റബോധമുണ്ടെന്ന് തനിക്കുറപ്പാണെന്നും ഇതിന്റെ പേരിൽ ഇനി ആരെങ്കിലും ശിക്ഷ ഏൽക്കേണ്ടി വരരുതെന്നും ക്ലോപ്പ് പറഞ്ഞു.
Download the Fanport app now!