രണ്ടു ഗോൾ വഴങ്ങിയ ശേഷം തകർപ്പൻ തിരിച്ചു വരവുമായി ബയേൺ കരുത്തു കാണിച്ച മത്സരത്തിൽ ലെപ്സീഗുമായി സമനിലയിൽ പിരിഞ്ഞു ലീഗ് ചാമ്പ്യന്മാർ. ഓപെന്ത, ലുകെബ എന്നിവർ ആദ്യ പകുതിയിൽ ലെപ്സീഗിനായി വല കുലുക്കിയപ്പോൾ, രണ്ടാം പകുതിയിൽ പിറന്ന ബയേണിന്റെ ഗോളുകൾ ഹാരി കെയ്ൻ, ലീറോയ് സാനെ എന്നിവർ കുറിച്ചു. ഇതോടെ ബയേൺ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ലെപ്സീഗ് അഞ്ചാം സ്ഥാനത്തും ആണ്.
ബയേണിന് തന്നെ ആയിരുന്നു തുടക്കം മുതൽ ആധിപത്യം. നാലാം മിനിറ്റിൽ തന്നെ ഹാരി കെയിനിന്റെ മികച്ചൊരു പാസിൽ മുസ്യാലയുടെ ഷോട്ട് ബ്ലാസ്വിച്ച് തടുത്തു. പതിമൂന്നാം മിനിറ്റിൽ ഉൾറിക്കിന്റെ പിഴവിൽ ലെപ്സിഗ് ഗോളിന് അടുത്തെത്തി. 20ആം മിനിറ്റിൽ ലെപ്സീഗ് ലീഡ് എടുത്തു. പന്തുമായി ബോക്സിലേക്ക് കുതിച്ച ഓപെന്തയെ തടയാൻ കിം മിൻ ജെ എത്തിയെങ്കിലും ലെപ്സീഗ് താരത്തിന്റെ ഷോട്ട് മിൻ-ജയിൽ തട്ടി ചെറിയൊരു ഡിഫ്ലെക്ഷനോടെ വലയിൽ പതിച്ചു. വെറും ആറു മിനിട്ടുകൾക്ക് ശേഷം ലെപ്സീഗ് ലീഡ് ഇരട്ടി ആക്കിയതോടെ ബയെൺ വിറച്ചു. കോർണറിൽ നിന്നെത്തിയ പന്തിൽ നിന്നും ലുക്കെബയാണ് വല കുലുക്കിയത്. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ബയേണിനായില്ല.
57ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ടീമിന് വേണ്ടി ഗോൾ കണ്ടെത്തി. റാഫേൽ ഗ്വിരെറോയുടെ മികച്ചൊരു ശ്രമം ലക്ഷ്യം കാണാതെ പോയി. ഒടുവിൽ 70ആം മിനിറ്റിൽ സാനെ സമനില ഗോൾ നേടി. കൗണർ നീക്കത്തിൽ മുസ്യാലയുടെ പാസ് സ്വീകരിച്ചു അതിവേഗം കുതിച്ച് കീപ്പറെ കീഴക്കിയ താരം തൊടുത്ത ഷോട്ട് വലയിലേക്ക് തന്നെ എത്തി. പിന്നീട് ഇരു ടീമുകൾക്കും അവസരങ്ങൾ വീണു കിട്ടി. കാർവലോയുടെ ക്രോസിലേക്ക് എത്തിച്ചേരാൻ സെസ്കൊക്ക് സാധിച്ചില്ല. ലെപ്സീഗിന്റെ ഗോൾ എന്നുറപ്പിച്ച ശ്രമം തടയാൻ ബോക്സ് വിട്ടിറങ്ങി ഉൾറിച്ച് സെസ്കൊയുടെ കാലുകളിൽ നിന്നും പന്ത് തട്ടിയക്കറ്റിയതും അവസാന മിനിറ്റുകളിൽ നിർണായകമായി.