ഏഷ്യാ കപ്പ് ഫൈനലിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്കർ. സിറാജിന്റെ ബൗളിംഗ് ടോപ് ക്ലാസ് ആയിരുന്നു എന്ന് ഗവാസ്കർ പറഞ്ഞു. “സിറാജിന് ആറ് വിക്കറ്റ് ലഭിച്ചു. മറുവശത്ത് നിന്ന് ബുംറ സമ്മർദ്ദം ചെലുത്തി. സിറാജ് തികച്ചും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, പന്ത് ഇരുവശത്തേക്കും ചലിപ്പിച്ചു. വളരെ സമർത്ഥമായി പന്ത് സ്വിങ് ചെയ്യിപ്പിച്ചു.” ഗവാസ്കർ പറഞ്ഞു.
“ധനഞ്ജയയ്ക്കും ദസുൻ ഷനകയ്ക്കും എതിരെ അദ്ദേഹം എറിഞ്ഞ പന്തുകൾ അതി ഗംഭീരമായിരുന്നു, ഏറ്റവും മികച്ച ബാറ്റർമാരെ വരെ ആ പന്തുകൾ തകർക്കുമായിരുന്നു” ഗവാസ്കർ പറഞ്ഞു. ആദ്യ പന്ത് മുതൽ സിറാജിൽ ഇന്ന് ആത്മവിശ്വാസം കാണാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.
സിറാജ് 7-1-21-6 എന്ന മികച്ച കണക്കുകളുമായാണ് ഇന്നത്തെ സ്പെൽ അവസാനിപ്പിച്ചത്. ഫൈനലിലെ മികച്ച താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.