മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിലും പരാജയപ്പെട്ടു. ഇന്ന് ബ്രൈറ്റണെ നേരിട്ട ടെൻ ഹാഗിന്റെ ടീം 3-1ന്റെ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഒരു വർഷത്തിനു ശേഷമാണ് പ്രീമിയർ ലീഗിൽ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്. അവസാനമായി അവർ പരാജയപ്പെട്ടതും ബ്രൈറ്റണോട് ആയിരുന്നു.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ മികച്ച രീതിയിൽ യുണൈറ്റഡ് തുടങ്ങി എങ്കിലും ബ്രൈറ്റൺ ഡിഫൻസ് ഭേദിക്കാൻ യുണൈറ്റഡ് അറ്റാക്കിന് ആയില്ല. റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ടാർഗറ്റിലേക്ക് വന്നു എങ്കിലും അത് ബ്രൈറ്റൺ കീപ്പർ സ്റ്റീൽ തടഞ്ഞു. കളിയിൽ പതിയെ ബ്രൈറ്റൺ വളർന്നു. അവർ പന്ത് കൈവശം വെക്കാൻ തുടങ്ങി. 20ആം മിനുട്ടിൽ അദിംഗറ വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് സ്വീകരിച്ച് ഡാനി വെൽബ്ബക്ക് ബ്രൈറ്റണ് ലീഡ് നൽകി.
ഇതിനു ശേഷവും ബ്രൈറ്റൺ തന്നെ കളി നിയന്ത്രിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടി ഗോൾ നേടാൻ ശ്രമിച്ചു. അവസാനം നാൽപ്പതാം മിനുട്ടിൽ ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. പക്ഷെ വാർ പരിശോധനയിൽ റാഷ്ഫോർഡ് ഹൊയ്ലുണ്ടിന് പാസ് കൊടുക്കും മുമ്പ് പന്ത് പുറത്ത് പോയിരുന്നു എന്ന് കണ്ടെത്തി. ആദ്യ പകുതി ബ്രൈറ്റണ് അനുകൂലമായി 1-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതി ബ്രൈറ്റൺ മികച്ച രീതിയിൽ തുടങ്ങി. 53ആം മിനുട്ടിൽ പാസ്കാൽ ഗ്രോസിലൂടെ ബ്രൈറ്റന്റെ രണ്ടാം ഗോൾ. ലാമ്പ്റ്റിയുടെ പാസ് സ്വീകരിച്ച് ഒരു ഡമ്മിയിലൂടെ ലിസാൻഡ്രോ മാർട്ടിനസിന്റെ താളം തെറ്റിച്ച ശേഷമായിരുന്നു ഗ്രോസിന്റെ ഫിനിഷ്. സ്കോർ 2-0. 71ആം മിനുട്ടിൽ ബ്രസീലിയൻ താരം ജാവോ പെഡ്രോയിലൂടെ ബ്രൈറ്റൺ ലീഡ് മൂന്നാക്കി ഉയർത്തി.
73ആം മിനുട്ടിൽ ഒരു മനോഹരമായ സ്ട്രൈക്കിലൂടെ യുണൈറ്റഡിന്റെ യുവതാരം ഹാന്നിബൽ ഒരു ഗോൾ മടക്കി. സ്കോർ 1-3. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചടി അവിടെ തീർന്നു.
ഈ വിജയത്തോടെ ബ്രൈറ്റൺ ലീഗിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 6 പോയിന്റ് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളൂ. അവരുടെ ലീഗിലെ ഈ സീസണിൽ അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം പരാജയമാണിത്.